ന്യൂദല്‍ഹി: തെരുവുനായകളുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വാദങ്ങളില്‍ പലതും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് സുപ്രീംകോടതി. ഇന്നലെ തെരുവുനായ കേസില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തെരുവുനായകള്‍ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായകളെ പരിചരിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരേ അക്രമമുണ്ടാകുന്നെന്ന് മൃഗ സ്നേഹികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്നമായതിനാല്‍ അത്തരം അക്രമങ്ങള്‍ ആര്‍ക്കെങ്കിലും നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്നും നിയമ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. ഒരു ക്രിമിനല്‍ കുറ്റകൃത്യം നടന്നാല്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നിങ്ങള്‍ക്ക് മുന്നില്‍ നടപടിക്രമങ്ങളും പരിഹാരങ്ങളും ലഭ്യമാണെന്നും കോടതി വ്യക്തമാക്കി.
ദല്‍ഹി എയിംസ് പരിസരത്തെ ഒരു നായയെക്കുറിച്ചുള്ള അഭിഭാഷകന്റെ പരാമര്‍ശത്തിന് ആ നായയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഏതെങ്കിലും ഒന്നോ രണ്ടോ ഉദാഹരണങ്ങളെ പൊതുവായെടുക്കരുതെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവിന്റെ പ്രാധാന്യം വളരെ വ്യക്തമാണെന്നും അത് തെരുവുനായകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി തുടര്‍ന്നു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ തുടരും.














