വാഷിങ്ടണ്‍: ക്രൂ-11 ദൗത്യത്തിലെ അംഗത്തിന്റെ ആരോഗ്യപ്രശ്‌നം മൂലം സംഘം തിരികെ ഭൂമിയിലേക്ക് വരികയാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ പറഞ്ഞു. ബഹിരാകാശ നിലയത്തില്‍ നടത്താനിരുന്ന പരീക്ഷണങ്ങള്‍ നാസ മാറ്റിവെച്ചു.
എന്നാല്‍ നാലംഗ സംഘത്തിലെ ആര്‍ക്കാണ് അസുഖം ബാധിച്ചതെന്നോ, എന്താണ് അസുഖമെന്നോ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല. യാത്രികന്റെ നില നിലവില്‍ തൃപ്തികരമാണെന്നും അടിയന്തര ഒഴിപ്പിക്കല്‍ അല്ല, മുന്‍കരുതലാണെന്നും അധികൃതര്‍ അറിയിച്ചു.
നാല് പേരടങ്ങുന്ന ക്രൂ-11ല്‍ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണുള്ളത്. 245 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷമാണ് സംഘം തിരികെ മടങ്ങുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ക്രൂ-11 അംഗങ്ങള്‍ അവരുടെ ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും നടത്തി. ബഹിരാകാശ നിലയത്തില്‍ പൂര്‍ണമായ വൈദ്യപരിശോധനയും ശുശ്രൂഷയും സാധ്യമല്ലാത്തതിനാലാണ് ഈ നടപടി.













