പൂനെ: ‘ശിവജി: ഹിന്ദു കിങ് ഇന്‍ ഇസ്ലാമിക് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഛത്രപതി ശിവജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് ഒടുവില്‍ ക്ഷമാപണം നടത്തി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ക്ഷമാപണം. ഛത്രപതി ശിവജി മഹാരാജിന്റെ അമ്മ ജിജാമാതയെക്കുറിച്ച് അങ്ങേയറ്റം അപമാനകരവും വിവാദപരവുമായ പരാമര്‍ശങ്ങളാണ് ഓക്‌സ്‌ഫോര്‍ഡ് പുസ്തകത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് ലെയ്ന്‍ ആയിരുന്നു പുസ്തകം രചിച്ചത്.
പുസ്തകത്തിന്റെ പ്രസാധകരായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് (ഒയുപി) ആണ് ഛത്രപതി ശിവജിയുടെ പതിമൂന്നാം പിന്‍ഗാമിയായ ഉദയന്‍രാജെ ഭോസലെയോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.
2003ല്‍ പ്രസിദ്ധീകരിച്ച ‘ശിവജി: ഹിന്ദു കിങ് ഇന്‍ ഇസ്ലാമിക് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ 31, 33, 34, 93 പേജുകളിലെ ചില പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിച്ചു.
ജെയിംസ് ലെയ്ന്‍ അമേരിക്കയില്‍ ചരിത്രത്തിന്റെയും മതത്തിന്റെയും പ്രൊഫസറാണ്. അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്, അതിലെ വിവാദപരമായ ഉള്ളടക്കം മഹാരാഷ്‌ട്രയിലുടനീളം പ്രതിഷേധത്തിന് ഇടയാക്കി. 2003ല്‍, ഛത്രപതി ഉദയന്‍രാജെ ഭോസലെ ഓക്‌സ്‌ഫോര്‍ഡിന് നിവേദനം അയച്ചു. തുടര്‍ന്നാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ക്ഷമാപണം നടത്തിയത്.
‘…ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ സ്ഥിരീകരിക്കാത്തതാണെന്ന് ഇതിനാല്‍ സമ്മതിക്കുന്നു. ആ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ഭാരതത്തിന്റേയും അതിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ സയീദ് മന്‍സാര്‍ ഖാന്റെയും പേരില്‍, ഛത്രപതി ഉദയന്‍രാജെ ഭോസാലെയോടും പൊതുജനങ്ങളോടും അദ്ദേഹത്തിന് ഉണ്ടായ വേദനയ്‌ക്കും ഞങ്ങള്‍ ഇതിനാല്‍ ക്ഷമ ചോദിക്കുന്നു’. ഒയുപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
















