തൃശൂര്‍: കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വന്തമാക്കിയ സ്വര്‍ണക്കപ്പ് ഇത്തവണ സ്വന്തം മണ്ണിലും നിലനിര്‍ത്താന്‍ ഉറച്ച് തൃശൂര്‍. 1999-ന് ശേഷം നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ 1008 പോയിന്റുകള്‍ നേടി പാലക്കാടിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി തൃശൂര്‍ കിരീടം തിരിച്ചുപിടിച്ചത്. സ്വന്തം ജില്ലയില്‍ കലോത്സവം നടക്കുമ്പോള്‍ കിരീടം വിട്ടുനല്‍കില്ലെന്ന വാശിയിലാണ് സംഘാടകരും കലാപ്രതിഭകളും. സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് നല്‍കുന്ന 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പ് ജനുവരി 12-ന് രാവിലെ 10 മണിക്ക് ജില്ലയിലെത്തും. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കുന്നത്. തുടര്‍ന്ന് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 13-ന് വൈകിട്ട് 3.30-ന് തൃശൂര്‍ ടൗണ്‍ഹാളില്‍ എത്തും. ആയിരത്തോളം എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ അകമ്പടിയോടെയാകും കപ്പിനെ വരവേല്‍ക്കുക.
വിടരാന്‍ ഒരുങ്ങി സൂര്യകാന്തിയും പാരിജാതവും
സാഹിത്യ നായകന്‍മാരുടെയും നദികളുടെയും പേരുകളില്‍ നിന്നു വ്യത്യസ്തമായി, ഇത്തവണ കലോത്സവ വേദികള്‍ക്ക് പൂക്കളുടെ പേരുകളാണ് നല്‍കുന്നത്. നീലക്കുറിഞ്ഞി, പവിഴമല്ലി, ആമ്പല്‍പ്പൂ, നന്ത്യാര്‍വട്ടം, പനിനീര്‍പ്പൂവ് എന്നിവയടക്കം വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്. പ്രമുഖരുടെ പേരുകള്‍ നല്‍കുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോഗ്രാം കമ്മിറ്റി ഈ തീരുമാനം എടുത്തത്.
എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിക്ക് ‘സൂര്യകാന്തി’, സി.എം.എസ് മുന്‍വശത്തുള്ള വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിക്ക് ‘പാരിജാതം’, അതേ മൈതാനത്തുള്ള ബാനര്‍ജി ക്ലബ്ബ് മുന്‍വശത്തെ വേദിക്ക് ‘നീലക്കുറിഞ്ഞി’, ടൗണ്‍ഹാളിലെ വേദിക്ക് ‘പവിഴമല്ലി’, വിവേകോദയം ബോയ്‌സ് സ്‌കൂളിലെ വേദിക്ക് ‘ശംഖുപുഷ്പം’ എന്നിവയാണ് പേരുകള്‍. നഗരത്തിലെ ആകെ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയായ ‘സൂര്യകാന്തി’ 160 അടി വീതിയിലും 350 അടി നീളത്തിലുമാണ് ഒരുക്കിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും പന്തലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍.
തിരുവനന്തപുരം സ്വദേശികളായ വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍, സിവില്‍ എഞ്ചിനിയര്‍ ഗ്രീഷ്മയുമാണ് പന്തല്‍ നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത്. ഓരോ വേദികളിലും പൂക്കളുമായി ബന്ധപ്പെട്ട മലയാള ഗാനങ്ങള്‍ ഇടവേളകളില്‍ ആസ്വാദകര്‍ക്ക് കേള്‍പ്പിക്കുന്നതിനും വേദിക്കരികില്‍ പൂക്കളുടെ ശാസ്ത്രീയ നാമങ്ങളടങ്ങിയ വിവരണം പ്രദര്‍ശിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പൂരനഗരിയില്‍ 14 മുതല്‍ കലാപൂരം, ഉദ്ഘാടനം മുഖ്യമന്ത്രി, സമാപനത്തിന് മോഹന്‍ലാല്‍
64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി 14-ന് തൃശൂരില്‍ ഔദ്യോഗിക തുടക്കമാകും. രാവിലെ 9 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്പൊലിമ വിളിച്ചോതുന്ന ഇലഞ്ഞിത്തറ മേളവും 64 കുട്ടികള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ കുടമാറ്റവും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും.25 വേദികളിലായി 249 മത്സര ഇനങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്. 18 ന് സമാപനചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും













