പൊള്ളലേൽക്കുക എന്നത് സാധാരണമായി സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നാണ്. അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ചെറുതും വലുതുമായ പല പൊള്ളലുകളും ഏൽക്കാറുണ്ട്. ചൂടുള്ള പാത്രം, സ്റ്റൗവിന്റെ ബർണർ എന്നിവയിൽ സ്പർശിച്ച് ചിലർക്ക് പതിവായി കൈപൊള്ളും. അതുമല്ലെങ്കിൽ ആവി തട്ടി പൊള്ളലേൽക്കും. തിളച്ച വെള്ളമോ മറ്റ് ദ്രാവകങ്ങളോ ശരീരത്തിൽ വീണും പൊള്ളലേൽക്കാറുണ്ട്. എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്താലും ചിലർക്ക് ഇത്തരം പൊള്ളലുകൾ വീണ്ടും വീണ്ടുമേൽക്കും.
പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീർണവും ആസ്പദമാക്കി പൊള്ളലുകളെ മൂന്നു ഡിഗ്രിയായി തരം തിരിക്കാറുണ്ട്. ത്വക്കിന്റെ ഏറ്റവും പുറമെയുള്ള പാളിയിൽ (എപ്പിഡെർമിസ്) മാത്രമുള്ള പൊള്ളലുകളാണ് കൂടുതൽ വേദനയുണ്ടാക്കുക. ത്വക്കിലെ എല്ലാ പാളികളും നശിക്കുന്ന മൂന്നാം തരത്തിൽ നാഡികൾ നശിച്ചുപോകുന്നതിനാൽ കഠിനമായ വേദന കാണില്ല.
1. തൊലിയിൽ ചുവപ്പുനിറം മാത്രമുണ്ടാകുന്ന പൊള്ളൽ. ഇതിനെ ഒന്നാം തോതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2. പൊള്ളലേറ്റ ഭാഗത്ത് പോളയിടുന്നുണ്ടെങ്കിൽ അത് രണ്ടാം ഡിഗ്രി.
3. ചർമ്മത്തിലെ ആന്തര ഭാഗങ്ങളുൾപ്പെടെ ഒരു ഭാഗത്തെ തൊലി പൂർണമായി നശിക്കുന്നത് മൂന്നാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
4. തൊലിയോടൊപ്പം ആന്തരശരീരഭാഗങ്ങൾക്കുകൂടി നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നാലാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പൊള്ളലേറ്റ ഭാഗത്ത് കൈകൊണ്ട് സ്‌പർശിക്കരുത്. ആ ഭാഗം തണുത്തവെള്ളത്തിൽ കഴുകുക, പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങൾ, വാച്ച്, ബെൽറ്റ്, ഷൂസ് മുതലായവ ഉണ്ടെങ്കിൽ സൂക്ഷിച്ച് ഊരി മാറ്റുക. പൊള്ളിയ ഭാഗത്ത് മരുന്നുകളോ തണുപ്പിനായി പേസ്‌റ്റുപോലുള്ള വസ്തുക്കൾ പുരട്ടുകയോ ചെയ്യരുത്. കുമിളകൾ കുത്തിപ്പൊട്ടിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്‌തുക്കൾ എടുക്കാൻ ശ്രമിക്കരുത്, വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടാം. പൊള്ളലേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ വെള്ളത്തിൽ അല്‌പം ഉപ്പുചേർത്ത് ഇടയ്‌ക്കിടെ കുടിക്കുവാൻ കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
















