ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ റെക്കോഡിനെ മറികടന്നാണ് 78-കാരനായ സിദ്ധരാമയ്യ നേട്ടം കൈവരിച്ചത്. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിന്റെ ഏഴ് വർഷവും 239 ദിവസം എന്ന റെക്കോഡാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മറികടന്നത്. രണ്ടുടേമിലായി 2792 ദിവസമാണ് ദേവരാജ് അരശ് മുഖ്യമന്ത്രിയായിരുന്നത്. രണ്ടുടേമിലായുള്ള മുഖ്യമന്ത്രി സ്ഥാനത്തിലൂടെ സിദ്ധരാമയ്യ ചൊവ്വാഴ്ചയോടെ ഇത് പൂർത്തിയാക്കി.
മൈസൂർ സംസ്ഥാനം കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിനുശേഷം അധികാരത്തിലേറിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ദേവരാജ് അരസ്. 1972 മാർച്ച് 20 മുതൽ 1977 ഡിസംബർ 31 വരെയും 1978 മാർച്ച് 17 മുതൽ 1980 ജൂൺ എട്ടുവരെയുമായി ഏഴു വർഷവും 239 ദിവസവും മുഖ്യമന്ത്രിയായിരുന്നാണ് ദേവരാജ് അരശ് മുൻപ് റെക്കോഡിട്ടത്. 2013 മുതൽ 2018 വരെയുള്ള ഒരു ടേമിൽ അഞ്ചു വർഷവും പൂർത്തിയാക്കിയ സിദ്ധരാമയ്യ 2023 മേയ് പത്തിനാണ് രണ്ടാമതും മുഖ്യമന്ത്രിയായി.
നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ദേവരാജ് അരശിനൊപ്പമെത്താനായതെന്നും സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. താനും അർസും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം മുന്നാക്ക വിഭാഗത്തിൽപ്പെട്ടയാളും താൻ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന (കുറുബ അല്ലെങ്കിൽ ഇടയൻ) സമുദായത്തിൽ നിന്നുള്ളയാളുമാണ് എന്നതാണ്. ഇരുവരും മൈസൂരുവിൽ നിന്നുള്ളവരാണെന്നതിൽ അഭിമാനമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്റെ ഈ റെക്കോർഡും ഒരിക്കൽ തകർക്കപ്പെടും. താൻ കാലാവധി പൂർത്തിയാക്കുന്നതോടെ മറ്റൊരു നേതാവ് മുന്നോട്ട് വന്നേക്കാം. തന്നേക്കാൾ കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ഒരു നേതാവും മുന്നോട്ട് വന്നേക്കാം എന്നും സിദ്ധരാമയ്യ പറഞ്ഞു.
















