തിരുവനന്തപുരം: നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതോടെ മത്സ്യമേഖലയില്‍ വികസനക്കുതിപ്പേകും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വഴി വിദേശത്തേക്കുള്ള കയറ്റുമതി മുതല്‍ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിനും വിപണനത്തിനും വലിയ സാധ്യതകളാണ് സംസ്ഥാനത്തെയും ദക്ഷിണ തീരദേശ മേഖലയെയും കാത്തിരിക്കുന്നത്.
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയാണ് എന്‍എഫ്ഡിബി. മത്സ്യമേഖലയിലേക്കുള്ള എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കുന്നതും നടപ്പിലാക്കുന്നതും എന്‍എഫ്ഡിബി ആണ്. നിലവില്‍ ഹൈദ്രാബാദിലാണ് ആസ്ഥാനം. പ്രദേശിക കേന്ദ്രം തിരുവനന്തപുരത്തേക്ക് എത്തുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര വരെയുള്ള മത്സ്യ മേഖലയ്‌ക്ക് വലിയ ഏകോപനമുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ മത്സ്യം കേരളത്തിന്റെ സമുദ്രമേഖലയില്‍ നിന്നും ലഭിക്കുന്നില്ല.
തെക്കന്‍കേരളത്തില്‍ ഏറെ ലഭ്യമായിരുന്ന ചൂര (ടൂണ), അയല, മത്തി എന്നിവ പോലും വേണ്ടത്ര ലഭിക്കുന്നില്ല. തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യമാണ് സംസ്ഥാനത്തെ വിപണി കീഴടക്കിയിരിക്കുന്നത്. എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം എത്തുന്നതോടെ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പഠനവും ഗവേഷണവും വളരെ വേഗം നടത്താനാകും. എന്‍എഫ്ഡിബിയുടെ നേതൃത്വത്തില്‍ പ്രാദേശിക പഠന കേന്ദ്രങ്ങളും ഉണ്ടാകും.
കൂടാതെ മത്സ്യമേഖലയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഇരട്ടിവേഗത്തില്‍ നടപ്പിലാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ അടുപ്പിക്കുന്നതിന് ഓരോ മേഖലയിലും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ലാന്‍ഡിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. നിലവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മത്സ്യംകൊണ്ടുപോയി സൂക്ഷിക്കേണ്ടിവരുന്നതിന് പകരം ഓരോ മേഖലയിലും മത്സ്യസംഭരണ യൂണിറ്റുകളും ഡ്രൈയിങ് യൂണിറ്റുകളും എത്തും. ഇതോടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തേക്ക് എത്തും. കൂടാതെ പഠന കേന്ദ്രങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനവും ലഭ്യമാകും. സമുദ്രമേഖലയ്‌ക്ക് ഒപ്പം ഉള്‍നാടന്‍ മത്സ്യമേഖലയിലും വളര്‍ച്ചയുണ്ടാകും. കുളങ്ങള്‍, തടാകങ്ങള്‍, ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. പരിസ്ഥിതി സൗഹൃദ മത്സ്യക്കൃഷി, കടല്‍പ്പായല്‍ കൃഷി, മറൈന്‍ കള്‍ച്ചര്‍ തുടങ്ങിയവയ്‌ക്കെല്ലാം കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തും. അതിനെല്ലാം ഉപരി സംസ്ഥാനം മുന്നോട്ടുവയ്‌ക്കുന്ന പദ്ധതികള്‍ക്ക് അതിവേഗത്തില്‍ അനുമതി ലഭ്യമാകും.
മത്സ്യസമ്പത്ത് വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയും വര്‍ധിക്കും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ കയറ്റുമതിയിലും സംസ്ഥാനത്തിന് വലിയ കുതിപ്പുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
















