നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒരു കോടി യാത്രക്കാര്‍ പറന്നു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. 2025 ജനുവരി- ഡിസംബര്‍ കാലയളവില്‍ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2024ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85 ശതമാനം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2025ല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായ മാസം മെയ് ആയിരുന്നു. ഏകദേശം 11.07 ലക്ഷം യാത്രക്കാരാണ് മെയ് മാസത്തില്‍ സിയാല്‍ വഴി യാത്ര ചെയ്തത്. ആദ്യമാസമായ ജനുവരിയില്‍ 10.44 ലക്ഷം യാത്രക്കാരും അവസാന മാസമായ ഡിസംബറില്‍ 10.06 ലക്ഷം യാത്രക്കാരെയുമാണ് സിയാല്‍ കൈകാര്യം ചെയ്തത്. ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. ഡിജിറ്റലൈസേഷന്‍, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ പുതിയ സംരംഭങ്ങള്‍ വഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുക എന്നതുമാണ് സിയാലിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.














