തിരുവനന്തപുരം : വാർത്താ മാധ്യമങ്ങൾ വികസനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഇടം കണ്ടെത്തണമെന്നും അത്തരം വാർത്തകൾക്ക് മുൻഗണന നൽകണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്.
വാർത്ത എങ്ങനെ രൂപപ്പെടുത്തണമെന്നും ഏതു രീതിയിൽ പുറത്തു വരണമെന്നും തീരുമാനിക്കുന്നതിനു പിന്നിൽ ധാർമികതയുടെ പല തലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ നെടുമങ്ങാട് പ്രസ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല ‘വാർത്ത’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണുകൾ കൈവശമുള്ള എല്ലാവർക്കും മാധ്യമപ്രവർത്തകരാകാൻ കഴിയില്ലെന്നും, മാധ്യമപ്രവർത്തനത്തെ ധാർമികതയോടെ സമീപിക്കുന്നവർക്കു മാത്രമേ അതിനു സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ നേരിടുന്നതിൽ മാധ്യമപ്രവർത്തകർ സദാ ജാഗരൂകരായിരിക്കണമെന്നും പളനിച്ചാമി സൂചിപ്പിച്ചു.
മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ രൂക്ഷമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നെടുമങ്ങാട് പ്രസ് ക്ലബ് സെക്രട്ടറി തെന്നൂർ ബി. അശോക് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തം വർദ്ധിക്കുന്ന കാലഘട്ടം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി ഐഐഎസ് ചടങ്ങിൽ സ്വാഗതമാശംസിച്ചു. നെടുമങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റ് നജി വിളയിൽ നന്ദി പ്രഭാഷണം നടത്തി.
ശില്പശാലയുടെ ഭാഗമായി ‘സൈബർ കുറ്റകൃത്യങ്ങളും ഡിജിറ്റൽ സുരക്ഷയും’ എന്ന വിഷയത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിബി പോൾ ക്ലാസ് നയിച്ചു. ‘വിബി-ജി റാം ജി നിയമ’ത്തെ കുറിച്ച് മൻ കി ബാത് വിവർത്തകൻ പള്ളിപ്പുറം ജയകുമാർ സംസാരിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമപ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.











