കാട്ടാക്കട: കാട്ടാക്കട മണ്ഢപത്തിന്‍കടവില്‍ കണ്ട ജീവി പുലിയല്ല നായയെന്ന നിഗമനത്തില്‍ വനംവകുപ്പ്. നായയല്ല പുലിയെന്ന് നാട്ടുകാര്‍. പുലിക്ക് സമാനമായ ജീവിയെ റബര്‍ തോട്ടത്തിലെ സിസി ടിവിയില്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ ജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അന്വേഷണത്തില്‍ കാമറയില്‍ പതിഞ്ഞത് ലാബ് ഇനത്തില്‍പെട്ട നായയാണെന്നാണ് വനം വകുപ്പ് കണ്ടെത്തിയത്.
മണ്ഢപത്തിന്‍കടവ് സ്വദേശി ശ്രീകുമാറിന്റെ റബ്ബര്‍ പുരയിടത്തില്‍ സ്ഥാപിച്ച കാമറയില്‍ 4 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ പതിഞ്ഞ ജീവി നാട്ടില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. ദൃശ്യങ്ങളിലുളളത് ലാബ് ഇനത്തിലെ നായയാണെന്ന് പരുത്തിപളളയിലെ ആര്‍ആര്‍ടി സംഘം അറിയിച്ചു. നടത്തത്തില്‍ പുലിയുടെ രൂപ സാദൃശ്യമുള്ളതിനാലും ജീവിയെ കണ്ട സ്ഥലം നെയ്യാര്‍ഡാമിനോട് അടുത്ത് നില്‍ക്കുന്നതിനാലും ആശങ്കയിലായിരുന്നു നാട്ടുകാര്‍. മണ്ഡപത്തിന്‍ കടവ് കുന്നില്‍ സുബ്രമണ്യ ക്ഷേത്രത്തിന് സമീപത്താണ് ജീവിയെ കണ്ടെത്തിയത്.
പുലിയാണെങ്കില്‍ ചെവിയുടെ ഭാഗം താഴ്ന്നാണിരിക്കുക എന്നാല്‍ ദൃശ്യങ്ങളിലുളള ജീവിയുടേത് ഉയര്‍ന്നാണിരിക്കുന്നത്. ആരെങ്കിലും ഉപേക്ഷിച്ച വളര്‍ത്ത് നായ ആവാമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം ഇത്തരത്തില്‍ ഒരു നായയെ പ്രദേശത്ത് സമീപ ദിവസങ്ങളില്‍ കണ്ട വിവരമില്ലെന്നാണ് സുചന. ഇപ്പോഴും നായയെ കണ്ടെത്താന്‍ കഴിയാത്തതിലെ ആശങ്ക നാട്ടുകാര്‍ക്കിടയില്‍ ഉണ്ട്. സ്ഥലത്ത് വന വകുപ്പും ആര്യങ്കോട് പോലീസും നാട്ടുകാരും ഉള്‍പ്പെടെയുള്ള സംഘം പരിശോധനകള്‍ നടത്തി. സോളാറില്‍ പ്രവര്‍ത്തിക്കുന്ന കാമറയായതിനാല്‍ അനക്കമുണ്ടാകുന്ന സ്ഥലത്തെ 4 സെക്കന്റ് വീഡിയോ മാത്രമെ ലഭ്യമാകു.
















