തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിന്റെ പശ്ചാത്തലത്തില്‍, 2010 ഏപ്രില്‍ 1ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് ഉണ്ടായ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.
2010 ഏപ്രില്‍ 1ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി. അന്നത്തെ നിയമന ചട്ടങ്ങള്‍ പാലിച്ച് ജോലിയില്‍ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും.ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദീര്‍ഘകാലത്തെ അധ്യാപന പരിചയമുളള അധ്യാപകരെ പിരിച്ചുവിടുന്നത് ഗുണനിലവാരത്തെ തകര്‍ക്കുകയേ ഉള്ളൂ. കെ-ടെറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുന്‍പന്തിയിലാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അന്നത്തെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ അധ്യാപകര്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിപ്പോന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെ-ടെറ്റ് പരീക്ഷ കേരളത്തില്‍ ആരംഭിച്ചത് 2012-ല്‍ ആണ്. 2010ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരോട്, ജോലിയില്‍ കയറുമ്പോള്‍ ഇല്ലാതിരുന്ന ഒരു യോഗ്യത ഇപ്പോള്‍ നിര്‍ബന്ധമാണ് എന്ന് പറയുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. കെ-ടെറ്റ് വരുന്നതിന് മുന്‍പ് സര്‍വീസില്‍ കയറിയവരെയും അതിനുശേഷം വന്നവരെയും ഒരേ തട്ടില്‍ കാണുന്നത് ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ ലംഘനമാണ്.
മുന്‍കാല പ്രാബല്യത്തോടെയുള്ള ഇത്തരം വിധികള്‍ നടപ്പിലാക്കുന്നത് അനേകം പേരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്നു മന്ത്രി പറഞ്ഞു. നിലവില്‍ യോഗ്യത നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2026 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, 2010-ന് മുന്‍പ് ജോലിയില്‍ കയറിയ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും.
















