CBIശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ. ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി അന്വേഷിക്കണമെന്നും ഐബി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
അതേസമയം ശബരിമല ശ്രീകോവിലില്‍ നിന്നും കൊള്ള ചെയ്ത സ്വര്‍ണത്തിന്റെ കണക്കില്‍ ഇനിയും വ്യക്തതയില്ല. കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍, ശ്രീകോവിലിന്റെ പാര്‍ശ്വപാളികള്‍ എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ ഏകദേശ കണക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കട്ടിളപ്പാളികളുടെ മുകളിലുള്ള ഏഴ് പാളികളിലെ സ്വര്‍ണം കൂടി നഷ്ടപ്പെട്ടതായാണ് എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍. ഇതില്‍ എത്ര സ്വര്‍ണം പൊതിഞ്ഞിരുന്നു എന്നതില്‍ വ്യക്തതയില്ല. കുറഞ്ഞത് പത്ത് കിലോ സ്വര്‍ണമെങ്കിലും നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.
രണ്ട് ദ്വാരപാലക പാളികളില്‍ നാലു കിലോ സ്വര്‍ണം പൊതിഞ്ഞിരുന്നു. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ 989 ഗ്രാം മാത്രമാണ് ലഭിച്ചതെന്നാണ് രേഖ. ഇതില്‍ 474 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു. ഇതിന് തുല്യമായ 474 ഗ്രാം സ്വര്‍ണം എസ്‌ഐടി ഗോവര്‍ദ്ധനില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. 109 ഗ്രാം സ്വര്‍ണം പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സ് വാങ്ങി. തത്തുല്യ സ്വര്‍ണം പങ്കജ് ഭണ്ഡാരിയില്‍ നിന്നും എസ്‌ഐടി വീണ്ടെടുത്തു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും 176 ഗ്രാം സ്വര്‍ണം തുടക്കത്തില്‍ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ ആകെ ലഭിച്ചത് 765 ഗ്രാം സ്വര്‍ണം മാത്രം.
രണ്ടു കിലോ സ്വര്‍ണം കൊണ്ടാണ് 1998-ല്‍ വിജയ് മല്യ കട്ടിളപ്പാളികള്‍ പൊതിഞ്ഞതെന്നാണ് രേഖകള്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഈ പാളികളില്‍ നിന്ന് എത്ര സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്നതോ പൂശിയ സ്വര്‍ണത്തിന്റെ കണക്കോ ലഭ്യമല്ല. ദ്വാരപാലക പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയില്‍ നിന്നായി ആറ് കിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്നു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ട് ദ്വാരപാലക പീഠങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കും പുറത്തു വന്നിട്ടില്ല. രണ്ട് പാര്‍ശ്വപാളികളിലായി കുറഞ്ഞത് രണ്ടു കിലോ സ്വര്‍ണമെങ്കിലും നഷ്ടപ്പെട്ടതായാണ് നിഗമനം. ഇതിനു പുറമെയാണ് ദശാവതാരം, രാശിചിഹ്നങ്ങള്‍, ശിവരൂപം, കട്ടിളയുടെ പ്രഭാമണ്ഡലം എന്നിങ്ങനെ ഏഴ് പാളികളില്‍ നിന്ന് കടത്തിയ സ്വര്‍ണം. ഇത് എത്ര കിലോ വരുമെന്നത് വിശദ പരിശോധനയിലേ അറിയൂ.
ശ്രീകോവില്‍ വാതിലുകള്‍ പൊതിഞ്ഞ നാലു കിലോ എങ്കിലും തൂക്കം വരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടോ അതൊ സ്‌ട്രോങ് റൂമിലുണ്ടോ എന്നതിലും വ്യക്തതയില്ല.
















