തൃശൂര്‍: അഭിനയത്തില്‍ തിളങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രണയ. രാംലല്ലയായി നാലമ്പല ദര്‍ശനം നടത്തി തിളങ്ങിയ പ്രണയയ്‌ക്ക് മികച്ച ബാലതാരത്തിനുള്ള 16-ാമത് ഭരത് പി. ജെ. ആന്റണി മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. കേരളത്തിലെ 154 ക്ഷേത്രവേദികളില്‍ അയ്യപ്പസ്വാമി, രാംലല്ല തുടങ്ങി നിരവധി വേഷങ്ങളില്‍ നൃത്ത പ്രകടനം നടത്തി ശ്രദ്ധേയയായ പ്രണയ തൃശൂര്‍ അയ്യന്തോള്‍ അമൃത വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ സുധീഷ് ശിശങ്കരന്‍ സംവിധാനം ചെയ്ത ‘സര്‍പ്രൈസ്’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് പ്രണയ മികച്ച ബാലതാരമായത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും മിടുക്കിയാണ് ഈ കൊച്ചു കലാകാരി. മൂന്നാം വയസില്‍ത്തന്നെ നൃത്തയാത്ര ആരംഭിച്ച പ്രണയ, എകെഎന്‍ കലാസമിതിയുടെ കീഴില്‍ അഖില അനന്തരാമന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പരിശീലനം നേടുന്നത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രണയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. പഠനവും കലയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന കൊച്ചുകലാകാരി അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രിയങ്കരിയാണ്. അച്ഛന്‍: പ്രശാന്ത് വടൂക്കര, അമ്മ: പ്രിയ.











