മാവേലിക്കര: വിശാലിനെ കുത്തിക്കൊന്ന കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ഉള്‍പ്പെടെ കേസില്‍ പ്രതിയായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി. പോലീസിനുമേല്‍ സമ്മര്‍ദം ചെലുത്തി ഒന്നാം പ്രതി അടക്കമുള്ളവരുടെ അറസ്റ്റ് വൈകിപ്പിച്ചു.
ചെങ്ങന്നൂര്‍ സിഐ ആര്‍. ജോസ് ആയിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. എഫ്‌ഐആറില്‍ അടക്കം പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി. മെല്ലപ്പോക്കില്‍ എബിവിപി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ, കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.
അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കാതെയും, ഉദ്യോഗസ്ഥരെ മാറ്റിയും കേസന്വേഷണം നീട്ടി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടയില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ മാറിയെത്തി. കേസില്‍ ഉള്‍പ്പെട്ടവരെ പിടിക്കുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചിരുന്നു.
പിണറായി സര്‍ക്കാരും പ്രതികളായവര്‍ക്ക് അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഇതിനെതിര െ സുപ്രീംകോടതിയില്‍ വരെ നിയമനടപടികളുമായി പോയി. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായ ശേഷമാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേസില്‍ അട്ടിമറി നടന്നുവെന്നത് വിശാലിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കുവയ്‌ക്കുന്നു. സാക്ഷിമൊഴികളും തെളിവുകളും ഉണ്ടായിട്ടും പ്രതികളായവരെയെല്ലാം വെറുതെവിട്ട കോടതി നടപടി സംശയാസ്പദമാണ്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി വിജിലന്‍സിന് പരാതി നല്കുമെന്നും എബിവിപി സംഘടനാ നേതാക്കള്‍ അറിയിച്ചു.













