മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം കണ്ടപ്പോൾ അച്ഛനും അമ്മയ്‌ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് മോഹൻലാൽ .
‘ ആദ്യ ദിവസം തന്നെ അവർ സിനിമ കാണാൻ പോയി. എന്റെ സീനുകൾ വരുമ്പോഴേക്കും അടുത്തിരിക്കുന്ന സ്ത്രീകൾ പറയും: “അയ്യോ കാലൻ വരുന്നുണ്ട്.” അതുകേട്ടപ്പോൾ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമമുണ്ടായിരുന്നുവെന്ന് അമ്മ പിന്നീട് പറഞ്ഞു.
നരേന്ദ്രൻ എന്നെ കൊണ്ടുപോയ ദൂരങ്ങൾ എത്രയാണെന്ന് എനിക്കറിയില്ല. നാൽപ്പത് വർഷം കടന്നുപോയിട്ടും നരേന്ദ്രനോട് എനിയ്‌ക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകൾക്കു താഴെ ക്ഷമാപൂർവ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചുകയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രൻ എന്റെ മുന്നിലുണ്ട്. സിനിമയിൽ തന്നെ നീ നിലനിൽക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
അതിനുശേഷം, എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി എനിയ്‌ക്ക് എന്റെ വീട്ടിലേക്ക് തിരികെ വരാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെത്തുമ്പോൾ അറിഞ്ഞോ അറിയാതെ യോ വീട് വിളിക്കും. മുടവൻമുഗളിലേക്കു കയറിവരുമ്പോൾ അവിടെ ആ റോഡിൽ ഇപ്പോഴും അവൻ നിൽക്കുന്നുണ്ടാകും, എന്റെ കുട്ടപ്പൻ. പിന്നെ ഓർമ്മകളുടെ ഒരു തിരിച്ചൊഴുക്കാണ്. ‘ എന്നും മോഹൻലാൽ പറയുന്നു.
















