തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ കെ. എന്‍. ഹരിലാലില്‍ നിന്നും റിപ്പോര്‍ട്ട് സ്വീകരിച്ചു. ധനകാര്യ കമ്മീഷന്‍ അംഗവും ധനകാര്യ വകുപ്പ് സെക്രട്ടറിയുമായ കെ. ആര്‍. ജ്യോതിലാല്‍, ധനകമ്മീഷന്‍ സെക്രട്ടറി പി. അനില്‍ പ്രസാദ്, അഡൈ്വസര്‍ പ്രൊഫ. ഹരിക്കുറുപ്പ് കെ. കെ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും.
2026-27 ധനകാര്യ വര്‍ഷത്തേക്കുള്ള ശുപാര്‍ശകളാണ് ധനകമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കേന്ദ്ര ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ശിഷ്ട കാലാവധിയിലേക്കുള്ള (2027-28 മുതല്‍ 2030-31 വരെ) ശുപാര്‍ശകള്‍ സമര്‍പ്പിക്കും. കേന്ദ്ര ധനകമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ അതുംകൂടി പരിഗണിച്ചു തുടര്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
2024 സെപ്റ്റംബറിലാണ് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിയമിതമായത്. രണ്ട് വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും നികുതി വരുമാനത്തില്‍ നിന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൈമാറേണ്ട വിഹിതം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ധനകമ്മീഷന്റെ പ്രധാന ഉത്തരവാദിത്വം. ഇപ്രകാരം പ്രാദേശിക സര്‍ക്കാരുകള്‍ക്കായി വിവിധ ഇനങ്ങളില്‍ നീക്കിവെയ്‌ക്കുന്ന തുക അവയ്‌ക്കിടയില്‍ വീതം വയ്‌ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുന്നതും സംസ്ഥാന ധനകമ്മീഷനാണ്.
















