കോതമംഗലം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായലിലെ പതിനൊന്ന് കിലോമീറ്റര്‍ ദൂരം നീന്തി കടന്ന് ഏഴാം ക്ലാസുകാരന്‍. പല്ലാരിമംഗലം പ്രണവം വീട്ടില്‍ രാജീവിന്റേയും പ്രസീജ രാജീവിന്റേയും മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്‌സ് പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കാശിനാഥ് രാജീവാണ് ഈ നേട്ടം കൈവരിച്ചത്.
ശനിയാഴ്ച രാവിലെ 7.25ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കുമ്പേല്‍ കരിയില്‍ കടവ് മുതല്‍ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൂരമാണ് ഈ 12 വയസുകാരന്‍ നീന്തി കയറിയത്. കോതമംഗലം അക്വാടിക്ക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തില്‍ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്‍സില്‍ എ.പിയും ചേര്‍ന്ന് നടത്തുന്ന മുപ്പത്തിരണ്ടാമത്തെ വേള്‍ഡ് റെക്കോര്‍ഡിനു വേണ്ടിയുള്ള സാഹസിക നീന്തലായിരുന്നു. രാവിലെ 7.25 ന് ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് രജിത ഫ്‌ളാഗ് ഓഫ് ചെയ്ത നീന്തല്‍ 9.46ന് വൈക്കം ബീച്ചില്‍ എത്തിച്ചേര്‍ന്നു. രണ്ട് മണിക്കൂര്‍ 21 മിനിറ്റ് കൊണ്ട് ആണ് കാശിനാഥ് റിക്കാര്‍ഡ് നേടിയത്.
തുടര്‍ന്ന് ബീച്ചില്‍ നടന്ന അനുമോദന യോഗത്തില്‍ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാര്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി പ്രദീപ് മാളവികയും വൈക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. ഷൈനും ജെആര്‍ സ്വിമിങ് അക്കാദമി ഡയറക്ടര്‍ അബ്ദുള്‍ കലാം ആസാദ്, വാര്‍ഡ് കൗണ്‍സില്‍ റെജിമോള്‍, ടി. ഷാജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചരിത്ര നേട്ടം കൈവരിച്ച കാശിനാഥിനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്‍സില്‍ എ.പി പൊന്നാട അണിയിച്ച് ആദരിച്ചു.











