തിരുവനന്തപുരം (29-12-2025): രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകൾ ആണ് ഏറ്റുവാങ്ങുന്നത്. ഏറ്റവുമൊടുവിൽ കര്‍ണാടകയില്‍ റഹീം ചാനലിനോട് സംസാരിച്ച ഇംഗ്ലീഷ് പ്രതികരണമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തില്‍ തപ്പിത്തടഞ്ഞതാണ് റഹീം ട്രോളുകള്‍ ഏറ്റുവാങ്ങാന് ഇടയാക്കിയത്.
ഇതോടെ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കൂടാതെ എൽഎൽബി യും കരസ്ഥമാക്കിയ ഒരു ജനപ്രതിനിധിക്ക് ചേരുന്ന ഇംഗ്ലീഷ് പ്രയോഗമല്ല റഹീമിന്റേതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. മുമ്പും പലതവണ പാര്‍ലമെന്റിലെ റഹീമിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും, രാഷ്‌ട്രീയ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കന്നതില്‍ അദ്ദേഹം പിന്നോട്ട് പോയിട്ടില്ല.
തനിക്ക് റഹീമിന്റെ ഇംഗ്ലീഷ് ഭാഷയുടെ ആക്സന്റ് ആണ് ഇഷ്ടപ്പെട്ടതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു. ഇപ്പോള്‍ ട്രോളുകള്‍ വ്യാപിക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി റഹീം രംഗത്തുവന്നു.
മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ.. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്‌ക്ക് ചെന്നതെന്ന് പറഞ്ഞാണ് റഹീം രംഗത്തുവന്നിരിക്കുന്നത്. തന്നെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ലെന്നം റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
















