വര്‍ഷത്തില്‍ ഒരു മാസക്കാലം മാത്രം വിശ്വാസികള്‍ക്കു പ്രവേശനമുള്ള കൊടും വനത്തിനുള്ളിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആരാധനകേന്ദ്രമാണ് കുന്നത്തൂര്‍ പാടി. പേരു സൂചിപ്പിക്കുന്ന പോലെ കുന്നും മലയും ഘോരവനവും ഇഴചേര്‍ന്ന പ്രദേശമാണ് കുന്നത്തൂര്‍. ഈ വിജനവും പുണ്യവുമാര്‍ന്ന ഭൂമിയാണ് കേരളീയ ഹൈന്ദവ കുടുംബ ദൈവമായ മുത്തപ്പന്റെ ആരൂഢസ്ഥാനമായി കരുതപ്പെടുന്നത്. സംഹാരമൂര്‍ത്തീമത്ഭാവമാര്‍ന്ന പരമശിവന്റെ ഭൂതഗണത്തില്‍പ്പെട്ട അവതാരങ്ങളിലൊന്നാണ് മുത്തപ്പനെന്നും പറയപ്പെടുന്നുണ്ട്.
നൂറ്റാണ്ടുകളായി പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ കൊടും വനത്തിനുള്ളില്‍ നിത്യപൂജയോ ക്ഷേത്രസമുച്ചയമോ ഇല്ലെന്നുള്ളതാണ് ഏറെ സവിശേഷത. ഇന്നും യാതൊരു മാറ്റവുമില്ലാതെ തനതു ഗോത്ര സംസ്‌കൃതിയുടെ അടയാളപ്പെടുത്തലുകള്‍ പോലെ വിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രം പനയോലയും ഈറ്റയും കൊണ്ട് കെട്ടുന്ന താല്‍ക്കാലിക മഠപ്പുരയാണ് മുത്തപ്പന്റെ ദേവസ്ഥാനമായി കണക്കാക്കുന്നത്. ഒരേസമയം വിഷ്ണു – ശിവാവതാരമാണ് മൂത്തപ്പനെന്നാണ് വിശ്വാസം
ഐതിഹ്യം
പുരാതന കാലത്ത് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിനു സമീപമുള്ള എരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര രാജവംശവുമായി ബന്ധപ്പെട്ടുള്ള വാമൊഴികളാണ് മുത്തപ്പന്റെ ഐതിഹ്യ കഥകളില്‍ പൊതുവെ പ്രചരിക്കുന്നത്. സന്താന ഭാഗ്യമില്ലാത്തതിനാല്‍ അതീവ ദു: ഖിതനായിരുന്നു ഇവിടുത്തെ നാടുവാഴിയും പത്‌നിയായ പാടിക്കുറ്റിയമ്മയും. പുത്രീപുത്ര സിദ്ധിക്കായി ഇവര്‍ ഇരുവരും ശിവഭഗവാനു മുന്നില്‍ എന്നും പ്രാര്‍ത്ഥിക്കുക പതിവായിരുന്നുവത്രെ. ഒരു ദിവസം പാടിക്കുറ്റിയമ്മ തിരുവന്‍കടവ് എന്ന പുഴക്കടവില്‍ കുളിക്കാന്‍ പോയതായിരുന്നു. ഈ സമയം ഒരു കുഞ്ഞ് വട്ടത്തോണിയില്‍ ഒഴുകിവരുന്നതു ശ്രദ്ധയില്‍പ്പെട്ട അന്തര്‍ജ്ജനം ആ കുഞ്ഞിനെ വാത്സല്യത്തോടെ വാരിയെടുത്ത് ഇല്ലത്തു കൊണ്ടുപോയി പരിചരിച്ചു വളര്‍ത്തി. എന്നാല്‍ ബാല്യം മുതല്‍ തന്നെ ഇല്ലത്തെ രീതികള്‍ക്കനുസരിച്ചുള്ള ജീവിതമായിരുന്നില്ല ആ കുഞ്ഞിന്റേത്.
മതിയാവോളം പാലും പഴവും നല്‍കി വളര്‍ത്താനായിരുന്നു പാടിക്കുറ്റിയമ്മയുടെ ശ്രമം. ഈ കുട്ടിയാവട്ടെ അതൊന്നും കഴിക്കാന്‍ താല്പര്യപ്പെടാതെ കാട്ടില്‍ വേട്ടയാടി മത്സ്യമാംസാദികള്‍ കൊണ്ടുവരാനും സ്വയം ആഹാരം പാചകം ചെയ്തു കഴിക്കാനുമാണ് ഇഷ്ടപ്പെട്ടത്. വര്‍ഷങ്ങള്‍ കഴിയവേ മകന്റെ ഇത്തരം ദുഷ്പ്രവൃത്തികള്‍ ഇല്ലത്തിന്റെ സല്‍പ്പേരിനു തന്നെ കളങ്കമുണ്ടാക്കി. ദു:ഖിതനായ വളര്‍ത്തു പിതാവ് അയ്യങ്കര നായനാര്‍ ഒരിക്കല്‍ പത്‌നിയായ പാടിക്കുറ്റിയമ്മയോട് കണ്ടുകിട്ടിയ മകന്‍ നിമിത്തം ഈ ഇല്ലത്തു നിന്നുകൂടാനാവാത്ത അവസ്ഥയായല്ലോയെന്നു പറഞ്ഞത് മകന്റെ കാതിലുമെ ത്തിയത്രെ. അതോടെ ആ വീടു വിട്ടുപോകാന്‍ തീര്‍ച്ചയാക്കിയ ബാലന്‍ അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം മാതാപിതാക്കളെ കാണിച്ചുകൊടുത്തതായും മലനാട് ലക്ഷ്യമാക്കി നടന്നു നീങ്ങിയതായും പറയുന്നുണ്ട്. കണ്ണിലെ ഭയാനക രൂപം മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അമ്മ ലോഹം കൊണ്ടുള്ള പൊയ്‌ക്കണ്ണു ധരിച്ചു യാത്ര ചെയ്യാനും അപേക്ഷിച്ചുവത്രെ.
മലനാട് തേടിയിറങ്ങിയ ആ ബാലന്‍ കുന്നും മലയും പനങ്കള്ളുമുള്ള കുന്നത്തൂരില്‍ എത്തുകയും അവിടുത്തെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടനായി സ്ഥിരവാസത്തിന് ആ പ്രദേശം തിരഞ്ഞെടുത്തുവെന്നും പറയപ്പെടുന്നു. പിന്നീട് ഈ ബാലന്‍ വളര്‍ന്നു വലുതായപ്പോള്‍ വേട്ടയാടലും കള്ളിനോടുള്ള ആര്‍ത്തിയും കാരണം മോഷ്ടിച്ചു കുടിക്കുന്നതു ശീലമാക്കി. തന്റെ ചെത്തു പനയില്‍ നിന്നു പതിവായി കള്ള് മോഷണം പോകുന്നുണ്ടെന്നറിഞ്ഞ ചെത്തുകാരന്‍ അതു കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പനമരത്തിന്റെ മുകളില്‍ ഒരു വൃദ്ധനെ കണ്ടെത്തുകയും അയാളെ ശകാരിക്കുകയും ചെയ്തുവത്രേ. ഇതില്‍ കുപിതനായ വൃദ്ധന്‍ ചെത്തുകാരനെ തന്റെ ദിവ്യരൂപം കാണിക്കുകയും ശപിച്ചു കല്‍പ്രതിമയാക്കി മാറ്റുകയും ചെയ്തു. നേരമേറെക്കഴിഞ്ഞിട്ടും ചെത്താന്‍ പോയ ഭര്‍ത്താവിനെ കാണാതെ ഏറെ വിഷമിച്ചു തിരക്കി വന്ന പത്‌നി അടിയാത്തി പനമരത്തിന്റെ മുകളിലെ ദിവ്യവൃദ്ധരൂപത്തെ ദര്‍ശിക്കുകയും മുത്തപ്പാ എന്ന് കരഞ്ഞുവിളിച്ചു രക്ഷിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം ശിലയായി മാറിയ ചെത്തുകാരനു ശാപമോക്ഷം നല്‍കിയെന്നുമാണ് കഥ. വൈഷ്ണവ അവതാരമായ ആ ദിവ്യതേജസ് അന്നുമുതല്‍ മുത്തപ്പന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ ശാപമോക്ഷത്തിനുള്ള പ്രായശ്ചിത്തമായി വര്‍ഷത്തില്‍ ധനു 2 മുതല്‍ മകരം രണ്ടു വരെ മാത്രം ഈ വനത്തിനുള്ളിലെ ശിലാപ്രതിമക്കു മുന്നില്‍ മുത്തപ്പന്‍ കെട്ടി കഴിപ്പിക്കാമെന്നും കള്ള്, ഉണക്ക മീന്‍, പുഴുക്ക് ഇത്യാദി ഇഷ്ടഭോജ്യ നിവേദ്യങ്ങള്‍ മുടക്കം വരുത്താതെ അര്‍പ്പിച്ചുകൊള്ളാമെന്നും അടിയാത്തി സമ്മതിക്കുകയും ചെയ്തു. ഈ ചടങ്ങുകള്‍ക്കു പിന്നീട് ഇന്നുവരെ ഒരു മുടക്കവും വന്നിട്ടില്ലെന്ന് പൂര്‍വികര്‍ പറയുന്നു.
ഒരുകാലത്ത് കുന്നും മലയും ചേര്‍ന്ന ഈ പ്രദേശത്തിന്റെ കാവലാള്‍ ആയിരുന്നു മൂത്തപ്പന്‍. അതിനാലാണ് മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍ എന്ന സ്ഥലം കുന്നത്തൂര്‍ പാടി എന്ന പേരില്‍ അറിയപ്പെടുന്നതെന്നും പറയപ്പെടുന്നു.
തന്റെ സൈ്വര്യവിഹാരത്തിനും അവതാരലക്ഷ്യ സാക്ഷാല്‍ക്കാരത്തിനും ഭംഗം വന്ന തിനാല്‍ കുന്നത്തൂര്‍ പാടിയില്‍ സ്ഥിരമായി കുടിയിരിക്കാന്‍ സാധിക്കില്ലെന്നും, അടി യാത്തി അറിയിച്ച ദിവസങ്ങളില്‍ തന്നെ വിളിച്ചുവരുത്തി ഇഷ്ടനിവേദ്യങ്ങള്‍ നേര്‍ന്നു പ്രീതിപ്പെടുത്തണമെന്നും കല്പിച്ച് അവിടെ നിന്നും യാത്രതിരിച്ചെന്നുമാണ് മുത്തപ്പചരിത പരാമര്‍ശം.
വര്‍ഷത്തില്‍ ഒരുമാസക്കാലം മാത്രമാണ് കുന്നത്തൂര്‍ പാടിയില്‍ വിശ്വാസികള്‍ക്കു പ്രവേശനമുള്ളത്. അത് ധനു രണ്ടു മുതല്‍ മകരം രണ്ടു വരെ ആണ്. അതിനാല്‍ ഇവിടുത്തെ ഉത്സവാഘോഷങ്ങള്‍ക്കു മുന്‍പ് ഈ വനത്തിനുള്ളിലേക്കുള്ള വഴി തെളിച്ച് ആരൂഢസ്ഥാനത്ത് താല്‍ക്കാലിക മഠപ്പുര കെട്ടുന്ന ചടങ്ങുണ്ട്. ‘പാടി വൃത്തിയാക്കല്‍’ എന്ന പേരിലാണിത് അറിയപ്പെടുന്നത്. അപൂര്‍വമായി കാണുന്ന ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ് കുന്നത്തൂര്‍ പാടിയിലെ പല ചടങ്ങുകളും നടത്തപ്പെടുന്നത്. വിളിച്ചാല്‍ വിളിപ്പുറത്താണ് ഹൈന്ദവ കുടുംബദൈവമായ മുത്തപ്പന്‍. ‘വരുന്നവരെ വഴിമുടക്കുകയുമില്ല, പോന്നവരുടെ വഴി തടയുകമില്ല.’ അതുകൊണ്ടു തന്നെയാണ് എല്ലാ കുടുംബ ളിലും മുത്തപ്പന്‍ പ്രിയങ്കരനായി മാറിയത്. മുത്തപ്പന്‍ കെട്ടിയാടുമ്പോള്‍ അനുബന്ധ കര്‍മങ്ങള്‍ ചെയ്യുന്ന ആളിനെ മടയന്‍ എന്നാണ് വിളിക്കുന്നത്.
കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടുന്നത് മുത്തപ്പന്റെ വര്‍ദ്ധക്യാവസ്ഥയിലുള്ള തിരുവപ്പനയാണ്. ഉത്സവനാളുകളില്‍ മാത്രം പ്രവേശനമുള്ള കുന്നത്തൂര്‍ പാടിയില്‍ ഒരുമാസക്കാലം പതിനായിരങ്ങളാണ് രാപകല്‍ ജാതിമതഭേദമെന്യെ പ്രാര്‍ത്ഥനാനിരത മനസോടെ ഒഴുകിയെത്തുന്നത്. പാടിയിലെ ആഘോഷച്ചടങ്ങുകള്‍ ജനുവരി 16 ന് അവസാനിച്ചു കഴിഞ്ഞാല്‍ നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമേ ഈ കൊടും വനത്തിലെ മുത്തപ്പാരൂഢ സന്നിധിയില്‍ പ്രവേശനം സാധ്യമാകൂ. പൂര്‍ണമായും വനമേഖ യിലാണ് ഉത്തരകേരളത്തില്‍ ഏറെ പ്രാധാന്യമുള്ള കുന്നത്തൂര്‍പാടി സ്ഥിതി ചെയ്യുന്നത്.
പറശ്ശിനി മുത്തപ്പന്‍
പറശ്ശിനിക്കടവാണ് മുത്തപ്പന്‍ സ്ഥിരവാസത്തിന് അനുയോജ്യ സ്ഥലമായി കണ്ടെത്തിയ പ്രദേശം. നായാട്ടായിരുന്നു ഇഷ്ടവിനോദം. അതിനാല്‍ കയ്യില്‍ എന്നും അമ്പും വില്ലും സന്തത സാഹചാരിയായി കൂടെ നായയും കാണും. കുന്നത്തൂര്‍ പാടി തന്റെ അവതാര ലക്ഷ്യ പൂര്‍ത്തീകരണത്തിനു പറ്റിയ ഇടമല്ലെന്നു മനസിലാക്കിയ മുത്തപ്പന്‍ താന്‍ തൊടുത്തുവിടുന്ന ശരം വീഴുന്ന സ്ഥലത്തു സ്ഥിരമായി കുടിയിരുന്നുകൊള്ളാമെന്ന് അടിയാത്തിയോട് അരുള്‍ ചെയ്തുവത്രെ.
തൊടുത്തുവിട്ട ശരം അതിവേഗത്തില്‍ ചെന്നു പതിച്ചത് പുഴക്കടവിലായിരുന്നു. പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന ഒരാള്‍ ദിവ്യപ്രകാശം ചൊരിയുന്ന ഒരു അസ്ത്രം പുഴക്കടവില്‍ തറച്ചുനില്‍ക്കുന്നതായി കാണുകയും ആ വിവരം നാടുവാഴിയുടെ ശ്രദ്ധയില്‍ ഉണര്‍ത്തിക്കുകയും ചെയ്തു. പ്രശ്‌നവിധിയില്‍ അത് മുത്തപ്പന്‍ തൊടുത്തുവിട്ട താണെന്നും അവിടെ ക്ഷേത്രം കെട്ടി മുത്തപ്പനെ കുടിയിരുത്തണമെന്നും അറിയിക്കുകയുണ്ടായി. ശരം പറന്നു വീണ കടവ് എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലം പിന്നീട് പറശ്ശിനിക്കടവായി മാറിയെന്നും വിശ്വാസമുണ്ട്. ഇവിടുത്തെ പ്രധാന പ്രസാദം ഭസ്മമാണ്. ഈ തിരുസന്നിധിയില്‍ വരുന്നവര്‍ മുഴുവന്‍ മുത്തപ്പന്റെ അതിഥി കളായാണ് കരുതപ്പെടുന്നത്. പറശ്ശിനിക്കടവില്‍ എത്തുന്നവര്‍ക്കെല്ലാം ചായയും പയര്‍ / കടലപ്പുഴുക്ക്, തേങ്ങാപൂള്‍ എന്നിവ പ്രസാദമായി ഇടതടവില്ലാതെയാണ് സൗജന്യ മായി നല്‍കിവരുന്നത്.
എല്ലാ ദിവസവും പതിവായി അതിരാവിലെ വിഷ്ണു ഭാവത്തില്‍ തിരുവപ്പനയും ശിവഭാവത്തെ അനുസ്മരിച്ച് രാവിലെയും വൈകീട്ടും മുത്തപ്പന്‍ (വെള്ളാട്ടം) കെട്ടിയാടി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹം ചൊരിയുന്ന മറ്റൊരു പൗരാണിക ദേവാലയവും കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. ജാതിമതഭേദമന്യേ ഏവര്‍ക്കും ഏതു വേഷത്തിലും പ്രവേശിക്കാവുന്ന അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്. എന്നും ഒരുപോലെ ഭക്തജനത്തിരക്കുള്ളതുമാണ് ഉത്തര മലബാറിലെ പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രം കേരളത്തിലെ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു മതേതര ക്ഷേത്രമാണെന്നു കൂടി വിശേഷിപ്പിക്കാം












