മുംബൈ: ഇന്ത്യയിൽ നിന്നും ഇറ്റലിയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് എയർഇന്ത്യ. ഇതോടെ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രോയിലേക്കുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇൻഡിഗോയും രംഗത്ത് എത്തി. ഡൽഹിയിൽ നിന്ന് റോമിലേക്കുള്ള വിമാന സർവിസുകൾ കൊവിഡിന്റെ കടന്നുവരവോടെ താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.
ലണ്ടനിലെ ഹീത്രോയിലേക്ക് നിലവിൽ മുംബൈയിൽ നിന്ന് സർവിസ് നടത്തുന്നുണ്ടെന്നും ഇനിമുതൽ ആഴ്‌ചയിൽ 12 സർവിസുകൾ ഡൽഹിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. 2026 മാർച്ച് 25 മുതൽ എയർ ഇന്ത്യ ഡൽഹി- റോം സർവിസുകൾ പുനരാരംഭിക്കും. ആഴ്‌ചയിൽ നാല് തവണ സർവിസ് നടത്തുമെന്നാണ് അറിയിപ്പ്.
വിവിധ രാജ്യ തലസ്ഥാനത്തേക്കുള്ള സർവിസുകൾ ആറ് വർഷങ്ങൾക്ക് ശേഷമാണ് പുനരാരംഭിക്കുന്നതെന്നും വളർന്നുവരുന്ന യൂറോപ്യൻ ശൃംഖലയുടെ വിപുലീകരണത്തിന് വഴിയൊരുക്കുമെന്നും എയർ ഇന്ത്യ പറഞ്ഞു.
എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ റോമിലേക്കും തിരിച്ചും സർവിസ് ഉണ്ടാകുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
നോൺ-സ്റ്റോപ്പ് സർവിസ് രണ്ട് തലസ്ഥാന നഗരങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇറ്റലിയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ തടസമില്ലാത്ത മുന്നോട്ടുള്ള യാത്ര നടത്താനാവുമെന്നും കമ്പനി പറഞ്ഞു.
2026 ഫെബ്രുവരി 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്നാണ് ഇൻഡിഗോയുടെ അറിയിപ്പ്. ആഴ്‌ചയിൽ അഞ്ച് തവണ സർവിസ് ഉണ്ടാകുമെന്നും പുതിയ റൂട്ടിലെ സർവിസുകൾ ഇൻഡിഗോസ്ട്രെച്ച്, ഇക്കണോമി ക്ലാസ് എന്നിവയുള്ള ഇരട്ട ക്ലാസുകൾ നൽകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
2026 ജനുവരി മുതൽ ഏഥൻസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൻപസർ (ബാലി), ക്രാബി, ഹനോയ്, ഗ്വാങ്‌ഷോ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്ക് അടുത്തിടെ അന്താരാഷ്‌ട്ര സർവിസുകൾ ആരംഭിച്ചിരുന്നു.
















