തിരുവനന്തപുരം: കേരളത്തില്‍ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്ത് നടത്തുന്ന വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകള്‍ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളില്‍ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചിലയിടങ്ങളില്‍ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളുടെ മനസില്‍ ഭീതിപരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട് നടന്ന അക്രമത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവെയ്‌ക്കാന്‍ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാല്‍ അതു തിരിച്ചുപിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നല്ല ഭരണം കാഴ്ചവെക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ആശങ്ക പരത്തുന്ന രീതി മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്നതല്ല. കേരളം കേന്ദ്രത്തില്‍ നിന്നും സാമ്പത്തിക ഉപരോധം നേരിടുന്നുവെന്ന പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി, തന്റെ ഭരണകാലത്ത് കടം മേടിച്ച് മാത്രമാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത് എന്ന സത്യം മറച്ചുപിടിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ശ്രമങ്ങളും മുഖ്യന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പാക്കിസ്ഥാനും മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേള്‍ക്കുന്നതെന്നും കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകളെ ജനങ്ങള്‍ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.















