തിരുവനന്തപുരം: പ്രകാശത്തിന്റെ സന്തോഷം നമ്മിലേക്ക് കടന്നുവരുന്ന തിരുനാളാണ് ക്രിസ്തുമസെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
പ്രത്യാശ പകരുന്ന ഒരനുഭവമാണ് പ്രകാശം. കാണാനും ഓര്‍ക്കാനും സന്തോഷിക്കാനും കഴിയുന്ന ഒരനുഭവം. പ്രകാശം നമ്മെ അന്ധകാരത്തില്‍ നിന്നു വിടുവിക്കുന്നു, പ്രതീക്ഷ നല്കുന്നു, മുന്നോട്ടു പോകാനുള്ള കാഴ്ച നല്കുന്നു. പ്രത്യാശയുടെ ഈ വലിയ പ്രകാശമാണ് യേശുക്രിസ്തുവിന്റെ ജനനം ലോകത്തിനു സമ്മാനിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രിസ്തുമസിന്റെ സന്തോഷമായി പ്രകാശത്തിന്റെ ഈ ഊര്‍ജത്തെ നമുക്ക് സ്വീകരിക്കാം. പ്രകാശം എന്നത് കാഴ്ച കാണാന്‍ മാത്രമുള്ളതല്ല, ചുറ്റും നില്‍ക്കുന്നവരെ കാണാനും തന്നെത്തന്നെ കാണാനും ദൈവം തന്നെ കാണുന്നു എന്ന് തിരിച്ചറിയാനുമൊക്കെ സാധിക്കുന്ന ഒരനുഭവമാണ്. അത്തരമൊരു വലിയ പ്രത്യാശയില്‍ ഈ ക്രിസ്തുമസിനെ നമുക്ക് സ്വീകരിക്കാം. പ്രകാശ ധാരയില്‍ ഒരു പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സന്മനസോടെ നവജീവിതം സ്വന്തമാക്കണം: മാര്‍ റാഫേല്‍ തട്ടില്‍
സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.














