കലയുടെ കളരിയെന്ന പ്രയോഗം വന്നത് കഥകളിപോലുള്ള കലകളില്‍ അഭിനയത്തികവിന് കായിക പരിശീലനവും ഉണ്ടായിരുന്നതിനാലാവണം. വേലകളിയെന്നൊരു കായിക കലയുടെ കളരിയായിരുന്ന മാത്തൂര്‍ കളരി അങ്ങനെ കഥകളിയുടെയും കായിക കലയുടെയും അസാമാന്യമായ പരിശീലനപ്പുരയായി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ നെടുമുടിയിലാണ് മാത്തൂര്‍ കളരി. പ്രസിദ്ധരായ കഥകളിയാശാന്‍മാരുടെ സ്ഥലം.
കലാ സാഹിത്യവിദ്യാകളില്‍ താളത്തിന്റെ തലതൊട്ടപ്പനായി മര്‍മ്മമറിഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനും കാരണമായതാണ് മാത്തൂര്‍ കളരി. തുള്ളല്‍ക്കഥകള്‍ പലതും പിറവിയെടുത്തത് ഈ കളരില്‍ വച്ച് ആണത്രെ. അമ്പലപ്പുഴ ആസ്ഥാനമായി മധ്യതിരുവിതാംകൂര്‍ ഭരിച്ച ചെമ്പകശ്ശേരി രാജാക്കന്മാര്‍ കലാ സാഹിത്യ വിഷയങ്ങളില്‍ വലിയ കമ്പമുള്ളവരായിരുന്നു. അവരുടെ സംരക്ഷണത്തില്‍ കഥകളിയും വേലകളിയും കളരിയഭ്യാസങ്ങളും ഏറെ വളര്‍ന്നത് മാത്തൂര്‍ കളരിയിലൂടെയുമായിരുന്നു. പ്രസിദ്ധമായ മാത്തൂര്‍ ശ്രീഭഗവതി ക്ഷേത്രവും മാത്തൂര്‍ കളരിയും ചരിത്രപരമായും സാംസ്‌കാരികമായും ഏറെ പ്രധാനമാണ് കേരള ചരിത്രത്തില്‍. മാത്തൂര്‍ കുടുംബം കഥകളി,ആയോധനവിദ്യ (കളരി), വേലകളി എന്നിവകളില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം ചേര്‍ന്നതാണ്. ചെമ്പകശ്ശേരി രാജാവിന്റെ സൈനിക മേധാവിയായിരുന്ന മാത്തൂര്‍ പണിക്കരില്‍ അതിന്റെ പ്രാഭവം രോഖപ്പെടുത്തിക്കാണുന്നു. മാത്തൂര്‍ കുടുംബം വിസ്തൃതമായിരുന്നു. നാലുകെട്ടുകള്‍ പലത്. അവിടെ കഥകളിക്ക് മാത്രമായി ഒരു നാലുകെട്ട് നിര്‍മ്മിച്ചുവെന്ന ചരിത്രം അറിയുമ്പോള്‍ തെളിയും കലകള്‍ക്കു മാത്തൂര്‍ കളരി കൊടുത്തിരുന്ന പ്രാമുഖ്യം.
നെടുമുടി (മാത്തൂര്‍), ചമ്പക്കുളം, മങ്കൊമ്പ്, അമ്പലപ്പുഴ, തകഴി, കുറിച്ചി, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ പ്രസിദ്ധ കഥകളിവേഷക്കാരും പാട്ടുകാരും മേളക്കാരും ആഹാര്യക്കാരും കുട്ടനാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളാണ്. അതില്‍ മാത്തൂര്‍ കുടുംബത്തിന് സവിശേഷത കൂടും. മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കരുടെ ഗുരുവായിരുന്നു ചമ്പക്കുളം ശങ്കുപിള്ള. അദ്ദേഹത്തിന്റെ ഗുരുവായിരുന്നു കണ്ടത്തില്‍ നാരായണ മേനോന്‍. അങ്ങനെ പൈതൃക വേരുകള്‍ ആഴത്തിലും പടര്‍ന്നും കിടക്കുന്നു.തിരുവനന്തപുരത്ത് കഥകളിയെത്തിയതും കൊട്ടാരം കളിയോഗമുണ്ടായതും മാത്തൂര്‍ കളരിയില്‍ പഠിച്ച കാര്‍ത്തിക തിരുനാള്‍ യുവരാജാവു വഴിക്കാണെന്നാണ് ഒരു കഥകളി ചരിത്രം. മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ സൈന്യം രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ കീഴടക്കി തിരുവിതാംകൂര്‍ പിടിച്ചു.
അമ്പലപ്പുഴയുടെ കലാ സാംസ്‌കാരിക പ്രഭാവം തിരിച്ചറിഞ്ഞ യുവരാജാവായ കാര്‍ത്തിക തിരുനാള്‍ രഹസ്യമായി ഒരു കലാപ്രേമിയായ യുവാവെന്ന് ആളറിയിക്കാതെ 41 ദിവസം മാത്തൂര്‍ കളരിരിയില്‍ ചിട്ടയില്‍ പഠിച്ചാണ് കഥകളിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് പറയപ്പെടുന്നത്.
‘കൈരളിക്ക് ആദ്യമായി നാട്യശാസ്ത്രം വിവരിക്കുന്ന ഗ്രന്ഥം’ കൊടുത്ത കളരിയെന്ന പെരുമയും മാത്തൂര്‍ കളരിക്കുണ്ട്. മഹാനടനും കഥകളി ആചാര്യനുമായിരുന്ന മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍ രചിച്ച ‘കഥകളി പ്രവേശിക’യെ അങ്ങനെ വിശേഷിപ്പിച്ചത് കഥകളിയുടെ പോഷകനും സംരക്ഷകനും കലാമണ്ഡലം സ്ഥാപകനുമായ മഹാകവി വള്ളത്തോളായിരുന്നു. നാലുദിവസമുള്ള നളചരിതം ആട്ടക്കഥയുടെ മൂന്നാം ദിവസത്തിന് അരങ്ങില്‍ ആധിപത്യം കിട്ടിയത് കുഞ്ഞുപിള്ള പണിക്കര്‍ മൂന്നാം ദിവസത്തെ ബാഹുകന്റെ വേഷം ആടാന്‍ തുടങ്ങിയതുമുതലാണത്രെ.
കളരിയിലെ ഫോണ്‍ (9886212266)











