പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ഇങ്ങനെ പോയാല്‍ നേരറിയാന്‍ സിബിഐ തന്നെ എത്തേണ്ടി വരും. ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ എസ്‌ഐടി അന്വേഷണം വഴിതെറ്റുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യത ഏറെയാണ്.
കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള ഉന്നതരുടെ പങ്ക് വെളിപ്പെട്ട ശേഷമാണ് ഐസ്‌ഐടി അന്വേഷണം വഴിതെറ്റിയത്.
ജൂവലറി ഉടമ ഗോവര്‍ദ്ധന്റെയും സ്വര്‍ണം വേര്‍തിരിച്ച ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും അറസ്റ്റോടെ അന്വേഷണത്തിന് അന്ത്യംകുറിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. മികച്ച പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉള്ളതെങ്കിലും സര്‍ക്കാരിന്റേയും പോലീസ് അസോസിയേഷനിലൂടെ സിപിഎമ്മിന്റേയും സമ്മര്‍ദം ശക്തമാണ്. ജാമ്യം തേടി ഗോവര്‍ദ്ധന്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയാണെങ്കില്‍ കേസില്‍ പോറ്റിയും ഏതാനും ദേവസ്വം ഉദ്യോഗസ്ഥരും ഒഴികെ മറ്റെല്ലാവരും രക്ഷപ്പെടും.
ദേവസ്വം വിജിലന്‍സ് അന്വേഷത്തിന്റെ തുടര്‍ച്ചയായിരുന്നു കോടതി നിരീക്ഷണത്തോടെ എസ്‌ഐടി ആരംഭിച്ച അന്വേഷണം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രതിപട്ടിക ഉണ്ടാക്കി രണ്ട് എഫ്‌ഐആറുകള്‍ തയാറാക്കിയതും.
പാളികള്‍ അതിന്റെ പുരാവസ്തു, വിശ്വാസ മൂല്യം കണക്കാക്കി വിഗ്രഹ ലോബിക്ക് കൈമാറിയോ എന്ന് ഹൈക്കോടതി ഉയര്‍ത്തിയ സംശയം പോലും കണക്കിലെടുക്കാതെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് എസ്‌ഐടി അന്വേഷണം പോകുമ്പോള്‍ നേരറിയാന്‍ സിബിഐ തന്നെ വരേണ്ടതുണ്ട്.
















