കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. താൻ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നായിരുന്നു ഷൈന്റെ മൊഴി. ഡാൻസാഫ് പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദുമായിരുന്നു പ്രതികൾ.
ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലും ഷെെൻ ടോം ചാക്കോയ്‌ക്ക് ബന്ധമില്ലെന്ന് എക്‌സെെസ് വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ തസ്‌ലീമ സുൽത്താനയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഷെെനിനെ പൊലീസ് ചോദ്യം ചെയ്തത്. ഏപ്രിലിൽ ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ തസ്ലീമയുടെ ഭർത്താവും അറസ്റ്റിലായിരുന്നു. ഭർത്താവായ സുൽത്താന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ടെന്നും ഇവിടേയ്‌ക്ക് സാധനങ്ങൾ കൊണ്ടുവരാൻ മലേഷ്യ അടക്കമുളള സ്ഥലങ്ങളിൽ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സുൽത്താനാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം.
















