തിരുവനന്തപുരം: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീനിവാസന്റെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. അഭിനയകലയിൽ സൗന്ദര്യശാസ്ത്രത്തിന് യാതൊരു വിലയുമില്ലെന്ന് സ്വന്തം പ്രകടനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത നടനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. സാധാരണക്കാരന്റെ ജീവിതം അർത്ഥവത്തായ രീതിയിൽ മലയാളി മനസ്സുകളിൽ പ്രതിഷ്ഠിച്ച ശ്രീനിവാസൻ, കഥാപാത്രത്തോട് അത്രമാത്രം ഇണങ്ങി ജീവിച്ച കലാകാരനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമയിലെ മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയെ അന്താരാഷ്‌ട്ര തലത്തിൽ വരെ ഉയർത്തിയ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. “ആരെയും ആകർഷിക്കുന്ന കഥകൾ സൃഷ്ടിക്കാനും സംവിധായകൻ എന്ന നിലയിൽ മികച്ച മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. മലയാള സിനിമയ്‌ക്ക് നികത്താനാവാത്ത തീരാനഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം,” മന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
















