പുതിയ തൊഴിലുറപ്പു നിയമായ വിക്സിത് ഭാരത് – ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍, തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയുടെ ഭാഗമായിരിക്കാം. എന്നാല്‍, അനുമാനങ്ങള്‍ക്കു പകരം ബില്ലില്‍ എന്താണു വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്നതിനെക്കുറിച്ചു ബോധ്യം വേണം. ബില്ലിന്റെ ഏറ്റവും പ്രധാന സവിശേഷത, ഓരോ ഗ്രാമീണ കുടുംബത്തിനും വര്‍ഷത്തില്‍ 125 ദിവസത്തെ വേതനത്തോടുകൂടിയ തൊഴില്‍ ഉറപ്പുനല്‍കുന്നു എന്നതു തന്നെയാണ്. അപേക്ഷിച്ചതിന് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കുന്നില്ലെങ്കില്‍ തൊഴിലില്ലായ്‌മ വേതനത്തിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ ചട്ടക്കൂടിന്റെ പോരായ്‌മ അതിന്റെ ഉദ്ദേശ്യത്തിലായിരുന്നില്ല; പരിഷ്‌കാരങ്ങള്‍ ആവശ്യമായിരുന്ന ഘടനാപരമായ വീഴ്ചകളിലായിരുന്നു.
തൊഴിലാളികള്‍ക്ക് അര്‍ഹമായതു നിഷേധിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ നീക്കംചെയ്യുന്നതിലൂടെയും സുതാര്യത, സോഷ്യല്‍ ഓഡിറ്റ്, പരാതിപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും തൊഴിലുറപ്പു പദ്ധതിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാനാണു ബില്‍ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഉത്തരവാദിത്വ സംവിധാനങ്ങളും സമയബന്ധിതമായ പരാതിപരിഹാരവും വെറും ഉപരിപ്ലവമായ കാര്യങ്ങളല്ല, അവകാശങ്ങള്‍ താഴേത്തട്ടില്‍ അര്‍ഥവത്തായി നടപ്പാക്കുന്നതിനുള്ള കേന്ദ്രഘടകങ്ങളാണ്. ഈ അര്‍ഥത്തില്‍, പുതിയ നിയമം സാമൂഹ്യസംരക്ഷണത്തില്‍നിന്നു പിന്മാറുന്നില്ല. പലപ്പോഴും തടസപ്പെട്ടുപോയിരുന്ന അവകാശത്തെ യഥാര്‍ഥവും നടപ്പാക്കാന്‍ കഴിയുന്നതുമായ ഉറപ്പായി മാറ്റാനാണ് ശ്രമിക്കുന്നത്.
ജോലി ആവശ്യപ്പെടാനുള്ള ഈ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതിനു പകരം, ഉറപ്പായ തൊഴില്‍ 125 ദിവസമായി വികസിപ്പിച്ചും അവകാശ നിഷേധ വ്യവസ്ഥകള്‍ നീക്കംചെയ്തും ഈ അവകാശത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണു ബില്‍ ചെയ്യുന്നത്. അതുവഴി തൊഴിലില്ലായ്‌മ വേതനത്തെ നിയമപരമായ യഥാര്‍ഥ സംരക്ഷണ കവചമായി പുനഃസ്ഥാപിക്കുന്നു. നിയമപരമായ ഉറപ്പിലും നടപ്പാക്കാവുന്ന ഉത്തരവാദിത്വ സംവിധാനങ്ങളിലും അധിഷ്ഠിതമായ അവകാശം സ്വാഭാവികമായും കരുത്തുറ്റതാണ്. പുതിയ നിയമം ചെയ്യുന്നതും അതുതന്നെയാണ്.
തൊഴിലിനേക്കാള്‍ ഉപരിയായി ആസ്തികള്‍ സൃഷ്ടിക്കുന്നതിനാണ് ഈ പരിഷ്‌കരണം മുന്‍ഗണന നല്‍കുന്നത്. എന്നതാണു മറ്റൊരു വിമര്‍ശനം. ബില്‍ നിയമപരമായ ജീവി?തോപാധിയുടെ ഉറപ്പ് വ്യക്തമായി ഉള്‍ക്കൊള്ളുന്നു. അതേസമയം, തൊഴിലിനെ ഉല്‍പ്പാദനക്ഷമവും ഈടുനില്‍ക്കുന്നതുമായ പൊതു ആസ്തികളുടെ നിര്‍മാണവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, കൂടാതെ അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ നാലു പ്രധാന മേഖലകളെ ക്ലോസ് 4(2) തിരിച്ചറിയുന്നു. വേതനാടിസ്ഥാനത്തിലുള്ള തൊഴില്‍ ഉടനടിയുള്ള വരുമാനപിന്തുണയ്‌ക്കു മാത്രമല്ല, ഗ്രാമീണമേഖലയുടെ ദീര്‍ഘകാല പ്രതിരോധശേഷിക്കും ഉല്‍പ്പാദനക്ഷമതയ്‌ക്കും കാരണമാകുന്നുവെന്നും ഇതുറപ്പാക്കുന്നു. അതിനാല്‍ തൊഴിലും ആസ്തികളും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല; അവ പരസ്പരം ശക്തിപ്പെടുത്തുകയും സമ്പന്നവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്യുന്നു.
അധികാര കേന്ദ്രീകരണത്തിനുപകരം, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചു ഗ്രാമതലത്തില്‍ തയ്യാറാക്കുന്നതും ഗ്രാമസഭ അംഗീകരിച്ചതുമായ വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികളില്‍ എല്ലാ പ്രവൃത്തികളെയും ബന്ധിപ്പിക്കണമെന്നു ക്ലോസ് 4(1) മുതല്‍ 4(3) വരെ വ്യക്തമാക്കുന്നു. പഴയ ചട്ടക്കൂടിലുണ്ടായിരുന്ന ഘടനാപരമായ വലിയ പിഴവ്, അതായത് വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മ, പരിഹരിക്കാന്‍ എല്ലാ പ്രവൃത്തികളെയും ‘വിക്സിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്കിന്’ കീഴില്‍ കൊണ്ടുവരുന്നു. ഇത് ആസൂത്രണത്തിലും സുതാര്യതയിലും ഏകീകൃത സ്വഭാവം നല്‍കും. ഇത് അധികാര ഉത്തരവിലൂടെ നടപ്പാക്കുന്ന കേന്ദ്രീകരണമല്ല. ആസൂത്രണം, നടപ്പാക്കല്‍, മേല്‍നോട്ടം എന്നിവയുടെ അധികാരം അതതു തലങ്ങളിലെ പഞ്ചായത്തുകള്‍ക്കും പദ്ധതി ഓഫീസര്‍മാര്‍ക്കും ജില്ലാ അധികാരികള്‍ക്കും ക്ലോസ് 16, 17, 18, 19 എന്നിവ വഴി നല്‍കിയിട്ടുണ്ട്. ഈ ബില്‍ ചെയ്യുന്നത്, പ്രവര്‍ത്തനങ്ങളുടെ ഏകോപനവും വ്യക്തതയും ഉറപ്പാക്കലാണ്. അല്ലാതെ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം കേന്ദ്രീകരിക്കലല്ല. പ്രാദേശിക മുന്‍ഗണനകള്‍ക്കനുസരിച്ച് ആസൂത്രണം നയിക്കുന്നതു ഗ്രാമസഭകള്‍ തന്നെയായിരിക്കും.
കൃഷിപ്പണികള്‍ സജീവമാകുന്ന സമയങ്ങളില്‍ തൊഴിലാളികളുടെ കുറവുണ്ടാകുമെന്ന ആശങ്കകള്‍ ബില്ലില്‍ കൃത്യമായി പരിഹരിക്കുന്നുണ്ട്. വിതയ്‌ക്കല്‍, കൊയ്‌ത്ത് സമയങ്ങളില്‍ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസംവരെ ഈ പദ്ധതി പ്രകാരമുള്ള ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ക്ലോസ് 6 സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അധികാരമേകുന്നു. അതിലും പ്രധാനമായി, ക്ലോസ് 6(3) സംസ്ഥാനങ്ങളെ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജില്ലകള്‍, ബ്ലോക്കുകള്‍ അല്ലെങ്കില്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ തലത്തില്‍ വ്യത്യസ്ത വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാന്‍ അനുവദിക്കുന്നു. ഈ സൗകര്യം, മെച്ചപ്പെടുത്തിയ തൊഴിലുറപ്പ് കാര്‍ഷിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനു
പകരം അവയ്‌ക്കു പൂരകമാകുന്നു എന്നുറപ്പാക്കുന്നു. ഇത്തരമൊരു സൂക്ഷ്മ സന്തുലനം വളരെ കുറച്ചു ക്ഷേമനിയമങ്ങള്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ.
സംസ്ഥാനങ്ങളെ കേവലം നടപ്പാക്കല്‍ ഏജന്‍സികളായല്ല; വികസന പങ്കാളികളായാണു കണക്കാക്കുന്നത്. ബില്ലിലെ അടിസ്ഥാന നിയമങ്ങള്‍ പാലിച്ച്, സ്വന്തം പദ്ധതികള്‍ വിജ്ഞാപനം ചെയ്യാനും നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. വിഹിതം നല്‍കുന്നതു കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് ഉറപ്പാക്കുമ്പോള്‍, നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നു; ഇതു സഹകരണ ഫെഡറലിസത്തിന്റെ പ്രായോഗിക രൂപമാണ്.
സാങ്കേതികവിദ്യയുടെ ഉപയോഗം കാരണം അര്‍ഹരായവര്‍ ഒഴിവാക്കപ്പെടുമെന്ന ആശങ്കകള്‍, ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങളെ മനസ്സിലാക്കാത്തതിന്റെ ഫലമാണ്. വ്യാജ ഹാജര്‍, നിലവിലില്ലാത്ത തൊഴിലാളികള്‍, പരിശോധിക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബയോമെട്രിക് സ്ഥിരീകരണം, ജിയോ-ടാഗ് ചെയ്ത പ്രവര്‍ത്തനങ്ങള്‍, തത്സമയ ഡാഷ്ബോര്‍ഡുകള്‍, കൃത്യമായ പരസ്യപ്പെടുത്തലുകള്‍ എന്നിവ ക്ലോസ് 23-ഉം 24-ഉം നിര്‍ബന്ധമാക്കുന്നു. സാങ്കേതികവിദ്യ ഇവിടെ, തടസങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഹായ ഉപകരണമാണ്. ക്ലോസ് 20 പ്രകാരം ഗ്രാമസഭകള്‍ നടത്തുന്ന സോഷ്യല്‍ ഓഡിറ്റുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതു സാമൂഹ്യമേല്‍നോട്ടം ശക്തിപ്പെടുത്തുന്നു. ഇവിടെ സാങ്കേതികവിദ്യ ഉത്തരവാദിത്വത്തെ മറികടക്കുന്നില്ല; അതിന് അടിത്തറ ഒരുക്കുകയാണ്.











