കോഴിക്കോട് : ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഇ ഡി അന്വേഷണം സ്വാഗതം ചെയ്യുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ശബരിമല സ്വര്‍ണകൊള്ളയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ അന്വേഷണത്തിലുണ്ടായി. പത്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പത്മകുമാറിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം പരിഗണിക്കാത്തത് എന്ത് കൊണ്ടെന്നും അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണമെന്നും എം ടി രമേശ് പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി യു ഡി എഫിന് അനുകൂലമാണ്. കോണ്‍ഗ്രസിനെ മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും വിഴുങ്ങി കഴിഞ്ഞു. യു ഡി എഫിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണ് എന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായി.
ഐ എഫ് എഫ് കെയില്‍ സിനിമകളുടെ വിലക്കില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്.കാര്യങ്ങള്‍ മനസിലാക്കാതെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മാപ്പ് പറയണം.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സംബന്ധിച്ച് ബി ഡി ജെ എസിന് അതൃപ്തിയുണ്ട് എന്ന് തോന്നുന്നില്ല. എന്‍ ഡി എയുടെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ബി ഡി ജെ എസ്.തിരുവനന്തപുരത്ത് മേയര്‍ ആരാണ് എന്ന് ഉടന്‍ അറിയാനാകുമെന്ന് എം ടി രമേശ് വ്യക്തമാക്കി.
















