കൊച്ചി: പോലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ സസ്‌പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. 2023ൽ തന്നെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് എന്ന യുവാവ് രംഗത്തെത്തി.
ജോലിക്കിടയിൽ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെ ഇയാൾ മർദിച്ചു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു.
കേസിൽ അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിന് മർദനമേറ്റതായി തെളിഞ്ഞെങ്കിലും എസ്എച്ച്ഓയുടെ പേരിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് റിനീഷ് പറഞ്ഞു.
അതേസമയം ഗർഭിണിയെ മർദിച്ചതിന് സസ്‌പെൻഷനിലായ എസ്എച്ച്ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളെയാണ്(41) പ്രതാപ് ചന്ദ്രൻ മർദിച്ചത്.
പോരാട്ടം തുടരുമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതാപ് ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് ഷൈമോളുടെ കുടുംബത്തിന്റെ ആവശ്യം. നിലവിൽ അരൂർ എസ്എച്ച്‌ഒയാണ് പ്രതാപ് ചന്ദ്രൻ.
2024ല്‍ പ്രതാപ ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന കാലത്താണ് സംഭവം. ഇദ്ദേഹം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച പരാതിക്കാർക്ക് ലഭിച്ചത്. ഭർത്താവിനെ അകാരണമായി കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്യാൻ സ്‌റ്റേഷനിലെത്തിയതിനാണ് ഷൈമോളെ പ്രതാപചന്ദ്രൻ മർദിച്ചത്.
ഷൈമോളുടെ നെഞ്ചിൽപിടിച്ച് തള്ളുകയും കരണത്തടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷൈമോൾ പരാതിയുമായി മുന്നോട്ടു നീങ്ങുകയും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുകയും ചെയ്തു. പിന്നാലെയാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിക്കുന്നത്. യുവതിയെ അടിക്കുന്നതു കണ്ട് ചോദ്യംചെയ്ത ഭർത്താവിനെയും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.











