ലുസൈല്‍: ഫൈനലിസിമ്മ 2026ന്റെ വേദി പ്രഖ്യാപിച്ചു. യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും ലാറ്റിമേരിക്കന്‍ ജേതാക്കളായ അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഫൈനലിസിമ്മ പോരാട്ടം മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്നലെ ഖത്തറിലെ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി (എല്‍ഓസി) ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വീണ്ടുമൊരു വലിയ കായിക പോരാട്ടത്തിന് സജ്ജമാകാന്‍ ആവേശത്തോടെയും ആഹ്ലാദത്തോടെയും കാത്തിരിക്കുകയാണെന്ന് ഖത്തര്‍ സ്‌പോര്‍ട്‌സ് മന്ത്രി എച്ച്.ഇ. ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. എല്‍ഓസി അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. മൂന്ന് വര്‍ഷം മുമ്പ് ഇന്നലത്തെ അതേ ദിവസമാണ് ലൂസെയിലില്‍ അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ അരങ്ങേറിയത്.
അര്‍ജന്റീനയാണ് നിലവിലെ ഫൈനലിസിമ്മ ജേതാക്കള്‍. 2022 മാര്‍ച്ചില്‍ നടന്ന കഴിഞ്ഞ ഫൈനലിസിമ്മയില്‍ ഇറ്റലിയെ 3-0ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ജേതാക്കളായത്. ഇക്കുറി വീണ്ടും ഫൈനലിസിമ്മ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ റിഹേഴ്‌സലായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്‌ട്ര ഫുട്‌ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് സ്‌പെയിനും അര്‍ജന്റീനയും.











