തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അംഗത്വം നഷ്ടമായതോടെ കേരള സര്‍വകലാശാലയിലെ രണ്ട് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പുറത്തേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധിയായി സെനറ്റിലെത്തുകയും അവിടെ നിന്ന് സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, ലെനിന്‍ ലാല്‍ എന്നിവരാണ് പുറത്താകുന്നത്.
പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അങ്ങാടിക്കല്‍ ഡിവിഷന്‍ പ്രതിനിധിയായിരുന്ന രാജീവ്കുമാറിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. കഠിനംകുളം പഞ്ചായത്ത് അംഗമായിരുന്ന ലെനിന്‍ ലാല്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. ഇരുവരും പഞ്ചായത്ത് പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിജയിച്ചാണ് സെനറ്റിലേക്ക് എത്തിയത്. തുടര്‍ന്ന് സെനറ്റില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് സിന്‍ഡിക്കേറ്റിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ ഇരുവരുടെയും ഗ്രാമപഞ്ചായത്ത് അംഗത്വം നഷ്ടമായതോടെ സെനറ്റ് അംഗത്വവും നഷ്ടമായി. അംഗത്വം നിലനിര്‍ത്തന്‍ യൂണിവേഴ്‌സിറ്റി നിയമത്തില്‍ മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയുമില്ല. ഇതോടെയാണ് ഇരുവരും സിന്‍ഡിക്കേറ്റില്‍ നിന്നും പുറത്തേക്ക് പോകുന്നത്.
















