സിഡ്‌നി (16-12-2025): ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്‌പ്പില്‍ അക്രമിയുടെ കൈയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി നിരവധിപ്പേരുടെ ജീവന്‍ രക്ഷിച്ച അഭയാര്‍ത്ഥിയുടെ കൈ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. സിറിയൻ വംശജനും ഓസ്‌ട്രേലിയൻ പൗരനുമായ അഹ്മദ് അൽ അഹമ്മദ് (40) എന്ന യുവാവാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി അവിശ്വസനീയമായ ധീരത കാണിച്ചത്.
ഞായറാഴ്ച നടന്ന ഹനുക്ക ആഘോഷത്തിനിടെയാണ് ബോണ്ടി ബീച്ചിൽ വെടിവയ്‌പ്പ് ആരംഭിച്ചത്. കാൽനടപ്പാലത്തിലൂടെയെത്തിയ രണ്ട് അക്രമികളാണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. നിരവധിപേർക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനിടയിൽ, അഹ്മദ് അൽ അഹമ്മദ് ഒരു അക്രമിയുടെ നേർക്ക് ചാടി വീണു. അതിസാഹസികമായി അക്രമിയുമായി മല്ലിട്ട് അദ്ദേഹം റൈഫിൾ കൈക്കലാക്കി.
ഈ സമയം അക്രമി അദ്ദേഹത്തിന് നേരെ രണ്ട് തവണ വെടിയുതിർത്തെങ്കിലും, തോക്ക് കൈക്കലാക്കിയതോടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.വെടിയേറ്റതിനെത്തുടർന്ന് ശരീരത്തിൽ പലയിടത്തും മുറിവേറ്റ അഹ്മദ് നിലവിൽ കോകരഹിലെ സെന്റ് ജോർജ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്.
















