ന്യൂദൽഹി: ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്ന സിവിതാസ് സമീർ എന്നയാളുടെ അവലോകനം എക്സ് പോസ്റ്റിൽ പങ്കുവച്ച് ശശി തരൂർ. തരൂരും രാഹുലും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതയാണെന്നും ഇതിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതാണ് പ്രശ്നമെന്നും അവലോകനത്തിൽ പറയുന്നു.
വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് ശശി തരൂരിന്റെ പുതിയ നീക്കം. 90കളിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്ന സമീപനമായിരുന്നു കോൺഗ്രസിനെന്ന് സിവിതാസ് സമീർ പറയുന്നു. രാഹുൽ ഗാന്ധി നേതൃത്വത്തിൽ വന്നതിനുശേഷം കോൺഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. എന്നാൽ ബദൽ നയങ്ങൾ ഉള്ള ആളാണ് ശശി തരൂർ. എന്തിനെയും എതിർക്കുന്ന പാർട്ടി മാത്രമായി കോൺഗ്രസ് മാറി. നയമില്ലാത്ത പാർടിയായി കോൺഗ്രസ് മാറുമ്പോൾ തരൂരിനെപ്പോലുള്ളവരെ ഒതുക്കുകയാണെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിലയിരുത്തൽ ശരിവെച്ചുകൊണ്ടാണ് തരൂർ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’ തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനില്‍ക്കുന്നത് ആവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പുട്ടിന്റെ സന്ദര്‍ശനവേളയില്‍ രാഷ്‌ട്രപതി വിളിച്ച അത്താഴവിരുന്നില്‍ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ രാഷ്ടീയ മാറ്റത്തിന്റെ സൂചനയെന്ന് തരൂര്‍ സമൂഹമാധ്യമങ്ങളിലെഴുതി.
















