പനാജി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച നാവികസേനയുടെ സെയ്‌ലിങ് വെസെല്‍ ഐഎന്‍എസ്‌വി കൗണ്ടിന്യ യാത്രയ്‌ക്കൊരുങ്ങുകയാണ്. അഞ്ചാം നൂറ്റാണ്ടില്‍ അജന്താ ഗുഹകളില്‍ കണ്ടിരുന്ന ചുവര്‍ചിത്രത്തിന്റെ അതേ മാതൃകയില്‍ പരമ്പരാഗത തുന്നല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് കൗണ്ടിന്യ നിര്‍മിച്ചിരിക്കുന്നത്. 16 നാവികസേനാംഗങ്ങള്‍ ഇന്നലെ കര്‍വാറിലെ നാവിക താവളത്തില്‍നിന്ന് കപ്പലില്‍ പോര്‍ബന്ദറിലേക്ക് യാത്രതിരിച്ചു. 29ന് പോര്‍ബന്ദറില്‍ നിന്ന് ഒമാനിലേക്ക് യാത്രയ്‌ക്കൊരുങ്ങുകയാണ്.
മെയ്‌മാസത്തില്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തിയ ഐഎന്‍എസ്‌വി കൗണ്ടിന്യ പരീക്ഷണാര്‍ത്ഥമാണ് കാര്‍വാറില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള സംരംഭത്തിന്റെ ഭാഗമായ ഈ പദ്ധതി നാവികസേന, സാംസ്‌ക്കാരിക മന്ത്രാലയം, ഗോവ ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഹോഡി ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ തമ്മിലുള്ള കരാറിലൂടെയാണ് നടപ്പാകുന്നത്. കൗണ്ടിന്യയില്‍ യാത്ര ചെയ്യുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും മരപ്പണിയാണ് അവയില്‍ പ്രധാനമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍നിന്നുള്ള കരകൗശല വിദഗ്ധരും പരമ്പരാഗത കപ്പല്‍ നിര്‍മാതാക്കളും കൗണ്ടിന്യയുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. തേങ്ങാനാരുകള്‍, തടി, കയര്‍, പ്രകൃതിദത്ത റസിനുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കൊങ്കണ്‍ തീരം ഭരിച്ചിരുന്ന കദംബ രാജവംശത്തിന്റെ രാജകീയ ചിഹ്നമായ ഗന്ധഭേരുവിന്റെയും സൂര്യന്റെയും ചിത്രങ്ങളാണ് കപ്പലിന്റെ ഇരു വശങ്ങളിലുമുള്ള പായ് തുണികളില്‍ അച്ചടിച്ചിരിക്കുന്നത്. കപ്പലിന്റെ അഗ്രഭാഗത്ത് ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായ പ്രത്യേക ശൈലിയിലുള്ള കല്ലാണ് നങ്കൂരത്തെ അലങ്കരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം കടന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് യാത്രപോയ ഇതിഹായ യാത്രികനായ കൗണ്ടിന്യന്റെ പേരാണ് കപ്പലിനു നല്‍കിയിരിക്കുന്നത്.
















