സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടി വച്ചത് വാപ്പയും മകനുമെന്ന് റിപ്പോർട്ടുകൾ.. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 15ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി. സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്‌പ്പുണ്ടായത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 2.17 ഓടെയാണ് വെടിവയ്‌പ്പുണ്ടായത്.പാകിസ്ഥാന്‍ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകന്‍ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികള്‍. ഇതില്‍ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു.
നവീദ് സാരമായ പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഓസ്‌ട്രേലിയയിലെ ജൂത വിഭാഗത്തേയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് വ്യക്തമാക്കി.മരിച്ച 50 വയസുകാരന്‍ ലൈസന്‍സുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ ആറ് തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.
ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് സമഗ്രാന്വേഷണം തുടരുന്നു. നടന്നത് ഭീകരാക്രമണമാണെന്നു ന്യൂ സൗത്ത് വെയ്ല്‍സ് പൊലീസ് സ്ഥിരീകരിച്ചു.അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവിടില്ലെന്നും, അക്രമികളുടെ പശ്ചാത്തലവും മറ്റ് ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്രമികള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എഎസ്‌ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്‌നി സെല്ലുമായി കൊലയാളികളിലൊരാള്‍ 6 വര്‍ഷം മുന്‍പ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്.ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര്‍ എത്തിയിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്‌പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്‌ട്രേലിയയ്‌ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ പറഞ്ഞു.
ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ച്ചയായ വെടിവെപ്പ് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ജനം നിലവിളിക്കുകയും ഒളിക്കാന്‍ പരക്കം പായുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും വെടിയേറ്റത്.













