തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ നീളും.
ആകെ 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 20,020 പേർ സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. 18,974 പുരുഷ സ്ഥാനാർത്ഥികളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് 28,274 പേരും മുനിസിപ്പാലിറ്റികളിലേക്ക് 5,546 പേരും കോർപ്പറേഷനുകളിലേക്ക് 751 പേരും മത്സരിക്കുന്നു.
വോട്ടെടുപ്പിനായി 18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
















