ഇന്നും മറ്റന്നാളുമായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും, മുനിസിപ്പാലിറ്റിയിലേക്കും കോര്‍പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് കേരളത്തിനും വിവിധ രാഷ്‌ട്രീയ കക്ഷികള്‍ക്കും നിര്‍ണായകമാണ്. ഇന്ന് തെക്കന്‍ ജില്ലകളിലെയും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലെയും ജനങ്ങള്‍ വിധിയെഴുതും. ആദ്യഘട്ടത്തിന്റെ കൊട്ടിക്കലാശത്തിനുശേഷമുള്ള നിശബ്ദ പ്രചാരണം ഇന്നലെ അവസാനിച്ചു. രണ്ടാംഘട്ടത്തിന്റേത് നാളെ അവസാനിക്കും. മൂന്ന് മുന്നണികളിലെയും രാഷ്‌ട്രീയപാര്‍ട്ടികള്‍ വളരെ ആവേശപൂര്‍വമാണ് വോട്ടെടുപ്പിനെ നേരിടുന്നതെങ്കിലും എന്താണ് ജനങ്ങളുടെ മനസ്സിലിരിപ്പെന്ന് കൃത്യമായി അറിയാന്‍ കഴിയുന്നത് വോട്ടെണ്ണുന്ന ഈ മാസം പതിമൂന്നിനാണ്. അതുവരെ രാഷ്‌ട്രീയ നേതൃത്വം കൂട്ടലും കിഴിക്കലും വിലയിരുത്തലുമായി കഴിയും. വരുന്ന അഞ്ച് വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര് ഭരിക്കുമെന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഭരണ വ്യവസ്ഥയുടെ അടിത്തട്ടിലെ ഈ സ്ഥാപനങ്ങളാണല്ലോ.
2020 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. യുഡിഎഫ് ഏറെ പിന്നിലായിരുന്നു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനും കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഷ്‌ട്രീയ സാഹചര്യം വലിയതോതില്‍ മാറിയിരിക്കുന്നു. പത്താം വര്‍ഷത്തിലേക്ക് എത്തുന്ന ഇടതുമുന്നണി ഭരണം ജനങ്ങള്‍ക്ക് തീരാത്ത ദുരിതമാണ് നല്‍കിയത്. അഴിമതിയും സ്വജനപക്ഷപാതവും അക്രമങ്ങളും അരാജകത്വവുമാണ് നാട്ടിലുടനീളം. അഴിമതി നടത്താന്‍ വേണ്ടി മാത്രം അധികാരത്തില്‍ തുടരുന്ന ഒരു ഭരണകൂടത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യമായിരിക്കുന്നു. ഇതിന്റെ പ്രതിഫലനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫിനെയും, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന-ബലാത്സംഗ കേസ് യുഡിഎഫിനെയും വേട്ടയാടുന്നു. ഈ രണ്ടു വിഷയത്തിലും ഇരുമുന്നണികളും ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ട്. ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതും, സ്ത്രീ പീഡന കേസുകളില്‍ ആരോപണവിധേയരായ സ്വപക്ഷത്തെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതും സിപിഎമ്മിനും ഇടതുമുന്നണിക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കും. തെരഞ്ഞെടുപ്പുകളില്‍ മാത്രം പരസ്പരം പോരടിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ദേശീയതലത്തില്‍ ഒരേ മുന്നണിയില്‍ നില്‍ക്കുന്നവരാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒത്തുകളിക്കുന്നവരാണെന്നും ജനങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രാഷ്‌ട്രീയ സാഹചര്യത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് സിപിഎമ്മും കോണ്‍ഗ്രസും.
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയില്ല. കേരളത്തിന്റെ വികസനത്തെ ബഹുദൂരം പിന്നോട്ടടിക്കുകയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇത് തുറന്നുകാട്ടാനോ ബദല്‍ വികസന മാതൃക മുന്നോട്ടുവയ്‌ക്കാനോ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ ഇരുമുന്നണികളും പ്രതിക്കൂട്ടിലാണ്. വികസനം മുന്‍നിര്‍ത്തി ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നത് ബിജെപിയും എന്‍ഡിഎ മുന്നണിയുമാണ്. നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ബിജെപി ജനങ്ങളെ സമീപിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഇതിന് അനുകൂലമായി അവര്‍ വിധിയെഴുതും.
ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്വാഭാവികമായ മുന്നേറ്റമല്ല ഉണ്ടാവുക. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയും മുന്നണിയും ശക്തിപ്പെടുകയും, ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയും ചെയ്തിരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരാന്‍ എല്ലാ സാധ്യതയുമുണ്ട്. പാലക്കാട് അധികാരം നിലനിര്‍ത്തുകയും ചെയ്യും. ഇതിനനുസൃതമായ മുന്നേറ്റങ്ങള്‍ മറ്റിടങ്ങളിലും ഉണ്ടാവും. സംസ്ഥാനത്ത് പലയിടങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. സിപിഎമ്മിന്റെ ബി ടീമായി അധഃപതിച്ച കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പാഴ്‌വേലയാണെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. ചുരുക്കത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. ഇനി ബിജെപിക്ക് ഒരവസരം നല്‍കണമെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്.
















