കൊല്ലം: രണ്ടു വയസുള്ള കുഞ്ഞിനെ കാണാതായതിന് കാരണം അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതിനാലാണെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ വച്ചായിരുന്നു കൊലപാതകം.
കുഞ്ഞിന്റെ അമ്മൂമ്മ നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാന കേസില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലില്‍ എത്തിയത്.കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്‌നാട്ടുകാരന്‍ കണ്ണനെ വിവാഹം കഴിച്ചിരുന്നു. കലാസൂര്യയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്‌നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരുന്നതിനിടെ കുഞ്ഞില്ലാതെ അമ്മ നാട്ടില്‍ എത്തിയതില്‍ സംശയം തോന്നിയാണ് അമ്മൂമ്മ പൊലീസിനെ സമീപിച്ചത്. പുനലൂര്‍ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ കണ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് വ്യക്തമായി.കലാസൂര്യയയുമായി തമിഴ്‌നാട് മധുരയില്‍ എത്തി അന്വേഷണം നടത്തി.
കണ്ണന്‍ ജോലി ചെയ്തിരുന്ന കോഴിഫാമില്‍ ഒരു മാസം മുമ്പായിരുന്നു കൊലപാതകം നടന്നത്. തമിഴ്‌നാട് ചിക്കാനുരുണി പൊലീസിന്റെ സഹായത്തോടെ കണ്ണനെ പിടികൂടി. തമിഴ്‌നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















