പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണവില പോലെ കുതിച്ചുയരുകയാണ് മൈക്ക് അനൗണ്‍സ്‌മെന്റ് നിരക്ക്. സാധാരണ നിലയില്‍ ഒരു ദിവസത്തേക്ക് 6000 മുതല്‍ 10,000 രൂപ വരെയാണ് മൈക്കിനും വാഹനത്തിനും കൂടി ഈടാക്കിയിരുന്നത്. പ്രചാരണം തുടങ്ങിയപ്പോഴും ഈ തുക തന്നെയായിരുന്നു മിക്കയിടത്തും. എന്നാല്‍ ഇപ്പോള്‍ നിരക്ക് ഇരട്ടിയായിക്കഴിഞ്ഞു. 15,000 മുതല്‍ 20,000 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
സ്വകാര്യ വാഹനങ്ങള്‍ അനൗണ്‍സ്‌മെന്റിന്് ഉപയോഗിക്കാന്‍ നിയമതടസ്സം ഉള്ളതിനാല്‍ പെര്‍മിറ്റ് വണ്ടികള്‍ 10,000 രൂപയും ഡീസലും ആണ് ഒരു ദിവസത്തേക്ക് ആവശ്യപ്പെടുന്നത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു മാത്രമാണ് അനൗണ്‍സ്‌മെന്റ് എന്നതിനാല്‍ ചെറിയ ദൂരമേ ഓട്ടം ഉണ്ടാവൂ. അനൗണ്‍സ്‌മെന്റ് നടത്തുന്ന ആള്‍ക്ക് 1000 രൂപ വേറെയും നല്‍കണം. അനൗണ്‍സ്‌മെന്റ് റിക്കാര്‍ഡ് ചെയ്തു നല്‍കാന്‍ 2500 രൂപയാണ് ഈടാക്കുന്നത്.
സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്
പത്തനംതിട്ട : സ്ഥാനാര്‍ത്ഥി സ്വന്തമായി പെര്‍മിറ്റ് എടുത്ത് വാഹന അനൗണ്‍സ്‌മെന്റ് നടത്തിയാല്‍ പ്രിസൈഡിങ് ഓഫീസറുടെ കമ്പ്യൂട്ടറില്‍ ഈ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ചെലവില്‍ ആ തുക കൂടി ചേര്‍ക്കും. ആകെ ഇരുപതിനായിരം രൂപ മാത്രം ചെലവാക്കാന്‍ അനുവാദമുള്ള വാര്‍ഡില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മാത്രം 15,000 രൂപയോളം ആകുമ്പോള്‍ ബാക്കി 5000 രൂപ മാത്രമേ ഫ്‌ളക്‌സിനും ബാനറിനും പോസ്റ്ററും ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ക്കെല്ലാം കൂടി കാണിക്കാന്‍ സാധിക്കൂ. ചെലവ് 20,000 കടന്നാല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാലും അയോഗ്യത വരും.
















