കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും വന്‍തുക തട്ടിയെടുക്കുകയും ചെയ്ത് മുങ്ങിയ വ്യവസായി അറസ്റ്റില്‍. കണ്ണൂര്‍ കിഴുന്നയിലെ സജിത്തിനെ(52)യാണ് കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ യുവതിയുമായി സൗഹൃദത്തിലായ സജിത്ത് ഇയാളുടെ കമ്പനിയില്‍ നിക്‌ഷേപം എന്ന നിലയ്‌ക്ക് 16 കോടി വാങ്ങിയെടുക്കുകയുമായിരുന്നു.
ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയുമായിരുന്നു.
ഗര്‍ഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്തില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നാലെ ദുബായില്‍ നിന്ന് ഇയാള്‍ മുങ്ങി.
അറസ്റ്റിലായ സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2015നും 2020നും ഇടയില്‍ ദുബായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
















