ടെൽ അവീവ്: ലോകമെമ്പാടുമുള്ള അന്വേഷണ ഓപ്പറേഷൻ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി നേടിയ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് പുതിയ മേധാവിയെ നിയമിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സൈനിക സെക്രട്ടറി മേജർ ജനറൽ റോമൻ ഗോഫ്മാനെയാണ് മൊസാദിന്റെ അടുത്ത തലവനായി പ്രഖ്യാപിച്ചത്. 2026 ജൂണിൽ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്ന നിലവിലെ മൊസാദ് മേധാവി ഡേവിഡ് ബാർണിയയ്‌ക്ക് പകരക്കാരനായി മേജർ ജനറൽ റോമൻ ഗോഫ്മാൻ നിയമിക്കപ്പെടുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പ്രഖ്യാപിച്ചു. അതേ സമയം വിദേശത്ത് ചാരപ്രവർത്തനങ്ങൾ നടത്തുന്ന മൊസാദിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട ഗോഫ്മാന് ഇന്റലിജൻസ് മേഖലയിൽ യാതൊരു പശ്ചാത്തലവുമില്ല എന്നതാണ് വാസ്തവം.
ആരാണ് റോമൻ ഗോഫ്മാൻ?
1976-ൽ ബെലാറസിലാണ് ഗോഫ്മാൻ ജനിച്ചത്. 14-ാം വയസ്സിൽ ഇസ്രായേലിലേക്ക് താമസം മാറി, 1995-ൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം ഒരു നീണ്ട കരിയർ നയിച്ചു. 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയ സമയത്ത് ഗോഫ്മാൻ നാഷണൽ ഇൻഫൻട്രി പരിശീലന കേന്ദ്രത്തിന്റെ കമാൻഡറായിരുന്നു. ഒക്ടോബർ 7-ന് ഗാസ അതിർത്തിക്കടുത്തുള്ള തെക്കൻ ഇസ്രായേലിലെ സ്ഡെറോട്ടിൽ ഹമാസ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് 2024 ഏപ്രിലിൽ ഗോഫ്മാൻ നെതന്യാഹുവിന്റെ ഓഫീസ് കാബിനറ്റിന്റെ ഭാഗമായി.
വലതുപക്ഷ സയണിസ്റ്റ് വീക്ഷണങ്ങൾക്ക് പേരുകേട്ടയാളാണ് റോമൻ ഗോഫ്മാൻ. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു സെറ്റിൽമെന്റിൽ സ്ഥിതി ചെയ്യുന്ന എലി യെഷിവ എന്ന ജൂത മതപാഠശാലയിലാണ് അദ്ദേഹം പഠിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ദേശീയതയിൽ നെതന്യാഹു എറെ സന്തുഷ്ടനാണ്. ഇതെല്ലാം കാരണമാണ്
ദേശീയ വീക്ഷണമുള്ള ഒരാളെ ഇസ്രായേലിന്റെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയുടെ തലവനായി നെതന്യാഹു
നിയമിക്കാനുള്ള കാരണം.
വിമർശിച്ച് ഇടതുപക്ഷം
ഇടതുപക്ഷ ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിന്റെ കോളമിസ്റ്റായ ഉറി മിസ്ഗാവ് ഉൾപ്പെടെ ഇസ്രായേലിലെ ചില പ്രമുഖ വ്യക്തികൾ അദ്ദേഹത്തിന്റെ നിയമനത്തെ വിമർശിച്ചു. ഇന്റലിജൻസ് പരിചയക്കുറവ് കാരണം ഗോഫ്മാനെ മൊസാദിന്റെ തലവനാകാൻ യോഗ്യനല്ല എന്ന് അദ്ദേഹം പറഞ്ഞു. ഷിൻ ബെറ്റിന്റെ തലവനായി നിയമിച്ച ഡേവിഡ് സിനിയുടെ കാര്യത്തിലെന്നപോലെ ഗോഫ്മാന്റെ നിയമനത്തിനുള്ള പ്രധാന കാരണം നെതന്യാഹുവിനോടുള്ള വിശ്വസ്തതയാണെന്നാണ് മിസ്ഗാവ് വിമർശിച്ചത്.















