ന്യൂദൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിനിടെ ഇന്ത്യയും റഷ്യയും തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാൻ സമ്മതിച്ചു. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും പ്രതിരോധ ഉൽപ്പാദന പങ്കാളിത്തം വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും ഊന്നൽ നൽകി. ഭാവിയിൽ റഷ്യ ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാരായി തുടരുമെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിലെ സഹകരണവും പ്രതിരോധ-വ്യാവസായിക സഹകരണവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മോദി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും ഇരു രാജ്യങ്ങളുടെയും ബന്ധം നിലനിൽക്കുന്നത് ആഴത്തിലുള്ള വിശ്വാസം, പങ്കിട്ട തത്വങ്ങൾ, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഊന്നിപ്പറഞ്ഞു. പ്രതിരോധ സഹകരണത്തിന്റെ നിലവിലുള്ളതും സാധ്യതയുള്ളതുമായ മേഖലകൾ എന്നതിനെക്കുറിച്ചുള്ള ഒരു ഉടമ്പടിയിലും അവർ ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഈ 22-ാമത് ഇൻ്റർ ഗവൺമെന്റൽ യോഗം, അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ തന്ത്രപരമായ സ്വാതന്ത്ര്യം നിലനിർത്താനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയ്‌ക്കായി കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ, നിരവധി മിസൈലുകൾ, വ്യോമസേനയുടെ സുഖോയ്-30എംകെഐ വിമാനങ്ങളുടെ നവീകരണം, ദീർഘദൂര ആർ-37, ആർവിവി-ബിഡി മിസൈലുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ പറയുന്നു. കൂടാതെ നൂതന ബ്രഹ്മോസ് മിസൈലുകളുടെ സംയുക്ത നിർമ്മാണവും പാന്റ്സിർ, വെർബ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതും ചർച്ച ചെയ്തു. എന്നിരുന്നാലും എസ്-500 സംവിധാനത്തിന്റെ വിതരണം ഇപ്പോൾ സാധ്യമാണോ എന്നത് പരിശോധിക്കുമെന്നും റഷ്യ സൂചിപ്പിച്ചു. റഷ്യയുടെ അഞ്ചാം തലമുറ സുഖോയ്-57 യുദ്ധവിമാനവും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ പ്രതിരോധ ഉൽപ്പാദനം വർദ്ധിപ്പിക്കാനും കയറ്റുമതി ശക്തിപ്പെടുത്താനും ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. തുടർന്ന് പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇന്ത്യയെ റഷ്യ പൂർണ്ണമായി പിന്തുണയ്‌ക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ഉറപ്പ് നൽകി.
ഇതിനു പുറമെ ഉക്രെയ്ൻ യുദ്ധം ഇന്ത്യയ്‌ക്ക് നിരവധി പ്രധാന ആയുധങ്ങൾ എത്തിക്കുന്നതിൽ കാലതാമസം വരുത്തുന്നതും ചർച്ചാ വിഷയമായി. രണ്ട് എസ്-400 സ്ക്വാഡ്രണുകളും അഡ്വാൻസ്ഡ് അകുല-ക്ലാസ് ആണവ അന്തർവാഹിനികളെ കുറിച്ചും നേതാക്കാൾ സംസാരിച്ചു. എസ്-400 സ്ക്വാഡ്രൺ അടുത്ത വർഷവും അന്തർവാഹിനികൾ 2028 ലും വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു. ഭാവിയിൽ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ പാകിസ്ഥാനുമായുള്ള സമീപകാല അതിർത്തി സംഘർഷങ്ങളിൽ ഉപയോഗിച്ചവയ്‌ക്ക് പകരമായി 280 പുതിയ മിസൈലുകൾ വാങ്ങുന്നതിനുള്ള അനുമതിയും ഇന്ത്യയ്‌ക്ക് ലഭിച്ചു.
കൂടാതെ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വെല്ലുവിളി ഉയർത്തിയ പാകിസ്ഥാന്റെ ചൈനീസ് ജെ-10 യുദ്ധവിമാനങ്ങളെയും പിഎൽ-15 മിസൈലുകളെയും നേരിടാൻ ഇന്ത്യൻ വ്യോമസേന തങ്ങളുടെ സുഖോയ് വിമാനങ്ങളിൽ ആർ-37 മിസൈലുകൾ സജ്ജമാക്കാൻ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യവും ചർച്ചയിൽ ഉൾപ്പെട്ടു. ഇതിനു പുറമെ ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾക്കായി ബ്രഹ്മോസ്-എൻജിയുടെ ചെറിയ പതിപ്പുകളും വികസിപ്പിക്കാനും തീരുമാനമായി.
















