ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരമാണ് 2014 മുതല്‍ ഡിസംബര്‍ 5 ലോക മണ്ണുദിനമായി ആചരിച്ചുവരുന്നത്. ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കലാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. ‘ആരോഗ്യമുള്ള നഗരങ്ങള്‍ക്ക് ആരോഗ്യമുള്ള മണ്ണ്’ എന്നതാണ് ഈ വര്‍ഷത്തെ മണ്ണുദിന പ്രമേയം. ഈ അവസരത്തില്‍ രസകരമായ ചില മണ്ണു ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ.
അമേരിക്കന്‍ ഐക്യനാടുകള്‍ മുതല്‍ അംഗോള വരെ; നിര്‍മിതബുദ്ധി മുതല്‍ നിര്‍മാണ കല വരെ, പ്രപഞ്ചത്തിലെ വിദൂരഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എല്ലാം നമ്മുടെ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും വിഷയമാകാറുണ്ട്. എന്നാല്‍ നാം പെറ്റു വീണ, നമ്മെ പോറ്റി വളര്‍ത്തിയ നമ്മുടെ എല്ലാമായ കാല് ചുവട്ടിലെ മണ്ണിനെക്കുറിച്ച് എപ്പോഴെങ്കിലും നമ്മള് ഗൗരവത്തോടെ ചിന്തിക്കാറുണ്ടോ? ‘ഇല്ല’ എന്നാകും ഉത്തരം. കാരണം നമ്മുടെ മണ്ണ് നമുക്ക് അരസികനാണ്, നിര്വികാരനാണ്, നിസാരനാണ്. മണ്ണിനെക്കുറിച്ചുള്ള ചിന്തയും ചര്‍ച്ചയും ഒഴിവാക്കി രക്ഷപ്പെടാനാണ് നമുക്ക് താല്പര്യം. എന്നാല്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത അത്ഭുത പ്രതിഭാസമാണ് നമ്മുടെ മണ്ണ്.
പാറ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നതെന്നും, ലൈക്കനുകള്‍ (ഘശരവലി)െ ആണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നും നാം പഠിച്ചിട്ടുണ്ട്. ലൈക്കനുകളും, ബാക്ടീരിയയും, മറ്റു ചില സൂക്ഷ്മജീവികളും ചേര്‍ന്ന് മണ്ണിനെ മൂലക സമ്പുഷ്ടമാക്കുകയും ചെടികള്‍ക്കു വളരാന്‍ അനുയോജ്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം ഫലഭൂയിഷ്ടമായ മേല്‍മണ്ണുണ്ടാകാന്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ വേണ്ടിവരും.
ഗുണത്തിലും, ഘടനയിലും മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും വളരെ സങ്കീര്‍ണമാണ് നമ്മുടെ മണ്ണ്. ‘ഒരു വിശിഷ്ട ജീവി’ ആയിട്ടാണ് ശാസ്ത്രം മണ്ണിനെ വിവക്ഷിക്കുന്നത്. ജീവിക്കുന്ന, ശ്വസിക്കുന്ന ഒരു ലോകമാണ് മണ്ണ്. ഇത് ഭൂമിയുടെ ത്വക്കാണ്. ഭൂമിയെ പൊതിയുന്ന സമ്പന്നവും സങ്കീര്‍ണ്ണവുമായ പാളിയാണ്. മണ്ണില്‍ ചെടികള്‍ വളരുന്നു, കീടങ്ങളും സൂക്ഷ്മജീവികളും പലതരം വ്യാപാരങ്ങള്‍ നടത്തുന്നു. ചെടികളുടെയും സൂക്ഷ്മജീവികളുടെയും പ്രവര്‍ത്തനഫലമായാണ് നമുക്കും മറ്റു മൃഗങ്ങള്‍ക്കും അധിവസിക്കാന്‍ കഴിയുന്ന ആവാസവ്യവസ്ഥയായി മണ്ണ് മാറുന്നത്. സമ്പുഷ്ടമായ ഒരു സ്പൂണ്‍ മണ്ണില്‍ ഭൂമിയിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ സൂക്ഷ്മജീവികള്‍ ഉണ്ടാകും. കര്‍ഷകന്റെ മിത്രമായി കണക്കാക്കപ്പെടുന്ന മണ്ണിരകള്‍ മണ്ണിലെ എഞ്ചിനീയര്‍മാരാണ്. അവ മണ്ണിനെ വായു-ജല സമ്പന്നമാക്കി കൂടുതല്‍ ഫലഭൂയിഷ്ടമാക്കുന്നു.
‘എല്ലാ മണ്ണും ഒന്നല്ല.’ ഭൗതിക, രാസ, ജൈവഘടനാവ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് ഇനം മണ്ണുകളുണ്ട് യുനെസ്കോയും എഫ്എഒയും ചേര്‍ന്നാണ് ലോക മണ്ണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഒരുപ്രദേശത്തെ മണ്ണിന്റെ സുപ്രധാന സ്വഭാവം കണക്കിലെടുത്താണ് സോയില്‍ ഓര്‍ഡറുകള്‍ നിര്‍വചിച്ചിരിക്കുന്നത്. ഇപ്രകാരം ഭൂമിയിലാകെയുള്ള മണ്ണിനങ്ങളെ 12 സോയില്‍ ഓര്‍ഡറുകളായി തരംതിരിച്ചിട്ടുണ്ട്. ഇന്ന് ഓരോ രാജ്യത്തിനും അവരുടേതായ സോയില്‍ മാപ്പിങ് രീതികളുണ്ട്. ഭാരതത്തിലെ മണ്ണിനങ്ങളെ പ്രധാനമായും എട്ടായി തരംതിരിച്ചിരിക്കുന്നു. എന്നാല്‍ വിവിധഘടകങ്ങള്‍ വിശദമായി വിശകലനം ചെയ്താല്‍ ഭാരതത്തില്‍ മാത്രം ലക്ഷത്തിലധികം മണ്ണിനങ്ങളുണ്ട്.
കാര്ഷികാവശ്യത്തിനായാലും, മറ്റാവശ്യങ്ങള്ക്കായാലും ഒരു രാജ്യത്തെ മണ്ണിനെ മറ്റൊരു രാജ്യത്തെ മണ്ണുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണ്. ജീവന്റെ അടിസ്ഥാനം മണ്ണാണ്. മണ്ണ് നമ്മുടെ ഭക്ഷണം വളര്‍ത്തുന്നു, ജലം ശുദ്ധീകരിക്കുന്നു, കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടുന്നു.
ചില മൃഗങ്ങളും, ചില പുരാതന ഗോത്രവര്‍ഗ മനുഷ്യരും മണ്ണ് പതിവായി ആഹരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഴലീുവമഴ്യ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. മണ്ണില്‍ ധാരാളം ധാതുക്കളുണ്ട്, അതിനാലാകാം ഇക്കൂട്ടര്‍ മണ്ണിനെ പോഷകസമ്പന്നമായ ഭക്ഷണമായി കാണുന്നത്. പക്ഷേ ആധുനിക ആരോഗ്യശാസ്ത്രം മണ്ണു തീറ്റ ഒരു രോഗലക്ഷണമായാണ് കാണുന്നത്. മണ്ണില്‍ കാണുന്ന ചില ബാക്ടീരിയകള്‍ക്ക് നമ്മുടെ ഹാപ്പിഹോര്‍മോണുകളുടെ നില ഉയര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പൂന്തോട്ട പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉന്മേഷവാന്മാരായിരിക്കുന്നത് കണ്ടിട്ടില്ലേ?
ആധുനിക കുറ്റാന്വേഷണ ശാസ്ത്രം മണ്ണിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന വ്യത്യസ്തമായതിനാല്‍, കുറ്റകൃത്യ സ്ഥലത്തെ പ്രതിയുമായി ബന്ധിപ്പിക്കാന്‍ മണ്ണ് പരിശോധന വഴി കഴിയും. മണ്ണിന്റെ പഠനത്തിനായുള്ള പ്രത്യേക മ്യൂസിയങ്ങള്‍ ഇന്ന് ലോകത്ത് വളരെ കുറവാണ്. നിലവിലുള്ളതില്‍ ഏറ്റവും പ്രശസ്തമായത് നെതര്‍ലാന്‍ഡ്സിലെ വാഗനിംഗന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വേള്‍ഡ് സോയില്‍ മ്യൂസിയമാണ്. ഭാരതത്തില്‍ നിലവിലുള്ള ഏക മണ്ണ് മ്യൂസിയം കേരളത്തിലാണ്. തിരുവനന്തപുരം പാറോട്ടുകോണത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെയും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെയും വ്യത്യസ്ത മണ്ണിനങ്ങള്‍ മോണോലിത്തുകളായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ മണ്ണ് പഠനത്തിന്റെയും സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനാവശ്യമായ സംവിധാനങ്ങളും ഇവിടെയുണ്ട്. ലോകത്തില്‍ ഏറ്റവും വലുതെന്ന് അവകാശപ്പെടാവുന്ന, ഈ മണ്ണു പ്രദര്ശനശാലക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നുണ്ടോ? ഒരു സ്വകാര്യ അഹങ്കാരം പോലെ ഗോപ്യമായി കൊണ്ടുനടക്കുന്നതല്ലാതെ മണ്ണ് മ്യൂസിയത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് കാര്യമായി ഒന്നും ചെയ്തുകാണുന്നില്ല.
‘ആരോഗ്യമുള്ള നഗരങ്ങള്‍ക്ക് ആരോഗ്യമുള്ള മണ്ണ്’ എന്നതാണല്ലോ ഈ വര്‍ഷത്തെ മണ്ണു ദിന പ്രമേയം. ശാസ്ത്രീയ മണ്ണ് സംരക്ഷണം ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നുള്ള തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ലോകത്തിലാകമാനം ഇപ്പോള്‍ മണ്ണ് സംരക്ഷണം സര്‍ക്കാര്‍ പദ്ധതിയുടെ മുഖ്യ ഇനമായി പരിഗണിക്കുന്നുണ്ട്. പക്ഷേ ഈ വര്‍ഷത്തെ മണ്ണുദിന പ്രമേയമായ ‘നഗരവികസനം ഉന്നം വെച്ചുള്ള മണ്ണ് സംരക്ഷണം’ വേറിട്ടൊരു ആശയം തന്നെയാണ്. എന്നാല്‍ ഇവിടെയും അഭിമാനകരമായ ഒരു ‘കേരള മോഡല്‍’ പണ്ടേ നിലവിലുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 1963 ല്‍ ഡോ. എം.എസ്. നായരുടെ നേതൃത്വത്തില്‍ കേരളത്തില്‍ മണ്ണുസംരക്ഷണ വകുപ്പ് പ്രവര്‍ത്തനമാരംഭിച്ച് ഏറെ താമസിയാതെ തന്നെ തിരുവനന്തപുരം നഗരത്തിന്റെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമിന്റെയും കൊല്ലം പട്ടണത്തിന്റെ കുടിവെള്ളം ഉറപ്പാക്കുന്ന ശാസ്താംകോട്ട കായലിന്റെയും വൃഷ്ടി പ്രദേശങ്ങളുടെ മണ്ണു-ജലസംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി. ജഇഞ ണടട എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതികള്‍ ഇപ്പോഴും തുടരുന്നുവെന്നു മാത്രമല്ല മറ്റു ചില നഗരങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ജീവനുള്ള എല്ലാത്തിനും മരണവുമുണ്ടല്ലോ! മണ്ണിനും ഇത് ബാധകമാണ്. മണ്ണും മരിക്കും. അതെ, നിലവില്‍ നമ്മുടെ മണ്ണ് മരിച്ചുകൊണ്ടിരിക്കുകയാണ്! പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ മേല്‍മണ്ണിനെ വല്ലാതെ തകര്‍ക്കുന്നു. മനുഷ്യര്‍ നടത്തുന്ന വിവേകരഹിതമായ മണ്ണിടപെടലുകള്, താല്‍ക്കാലിക ലാഭത്തിനായി നാം അവലംബിക്കുന്ന പരമ്പരാഗത കൃഷിരീതികള്‍, രാസവളങ്ങളുടേയും കീടനാശിനികളുടേയും അനിയന്ത്രിത ഉപയോഗം എന്നിവയൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുന്നു. മണ്ണിലെ ജീവികള്‍, പോഷകങ്ങള്‍, ജൈവ വൈവിധ്യം ഇവയെല്ലാം നശിക്കുന്നു. ജീവനുള്ള അല്പം മണ്ണുണ്ടാവാന്‍ ആയിരത്തിലധികം വര്‍ഷമെടുക്കുമെങ്കില്‍, അത് വെറും ഊഷരഭൂമിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ മതി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1930-കളിലെ അമേരിക്കന്‍ ഡസ്റ്റ്ബൗള്. മോശമായ ഭൂപരിപാലനം മൂലം, 100 ദശലക്ഷം ഏക്കര്‍ ഫലവത്തായ പുല്‍മേടുകള്‍ മരുഭൂമിയായി. അര്ദ്ധദശലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകള്‍ വിട്ട് കുടിയൊഴിയേണ്ടിവന്നു. പ്രകൃതിദുരന്തമല്ലായിരുന്നു അത്, മറിച്ച് മനുഷ്യന് സൃഷ്ടിച്ച ദുരന്തമായിരുന്നു.
ഇതൊരു തിരിച്ചറിവാണ്. നമ്മുടെ മണ്ണിനെ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജീവനുള്ള മണ്ണ് വരും തലമുറയുടെ അവകാശമാണ്. മണ്ണിനെ പഞ്ചഭൂതങ്ങളില്‍(ഭൂമി) ഒന്നായിക്കണ്ട് അതിനെ വണങ്ങി ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം. പുതുതലമുറയ്ക്ക് ഇത് അത്ര ദഹിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ നമ്മുടെ മണ്ണിനെ സചേതന വസ്തുവായും, നമ്മുടെ നിലനില്പ്പിന്നാധാര ശക്തിയായും എണ്ണുന്ന ഒരുതലമുറ ഇവിടെ വളര്‍ന്നുവരണം. നമ്മുടെ പാഠ്യപദ്ധതികളും നയരൂപീകരണങ്ങളും ഇപ്രകാരം പുനരാവിഷ്കരിച്ചില്ലെങ്കില് മനുഷ്യരാശിയുടെ കഥ വെറും ചരിത്രമാകുന്ന കാലം അതിവിദൂരമല്ല.
(മണ്ണ് സംരക്ഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)











