ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം വിവിധ കാരണങ്ങളാല്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയത്. ഇരുനേതാക്കളുടെ സംഭാഷണവും സാധ്യതയുള്ള തീരുമാനങ്ങളും ആഗോള രാഷ്‌ട്രീയ ക്രമത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്താന്‍ ഇടയുണ്ടെന്നാണ് അന്താരാഷ്‌ട്ര വിലയിരുത്തല്‍.
പുടിന്റെ തിരക്കേറിയ പരിപാടികളില്‍ പ്രധാനമന്ത്രി മോദിയുമായുള്ള അത്താഴവിരുന്നും, മഹാത്മാഗാന്ധി സ്മാരകമായ രാജ്ഘട്ട് സന്ദര്‍ശനവും, ഭാരത് മണ്ഡപത്തിലും ഹൈദരാബാദ് ഹൗസിലെയും വിവിധ ഔദ്യോഗിക യോഗങ്ങളും, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന വിരുന്നും ഉള്‍പ്പെടുന്നു.
ഇതിനിടെ, തനിക്കു കാണാന്‍ അവസരം നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം ചര്‍ച്ചയായി. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്‌ട്രതലവന്മാര്‍ സാധാരണയായി പ്രതിപക്ഷ നേതാക്കളെയും കാണാറുണ്ടെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും, വിദേശ അതിഥികള്‍ക്ക് അതിന് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ അതിനുള്ള ക്രമീകരണം ഉണ്ടാകൂ എന്നതാണ് ഔദ്യോഗിക നിലപാട്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയുടേയും മന്‍മോഹന്‍ സിംഗിന്റേയും കാലത്ത് ചില സന്ദര്‍ശകര്‍ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ ഗൗരവവും സ്വീകരണയോഗ്യതയും ഉണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ കാണാന്‍ വിദേശ നേതാക്കള്‍ താല്പര്യം കാണിക്കുന്നില്ലെന്ന രാഷ്‌ട്രീയ വിമര്‍ശനവും ഉയരുന്നു.
പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ, ക്ഷമിച്ചിട്ടും പങ്കെടുത്തിട്ടില്ലാത്ത പ്രധാന ദേശീയ ചടങ്ങുകളുടെ പട്ടിക പുറത്തുവിട്ട് ശക്തമായ പ്രതികരണങ്ങളും വന്നു.. പുതിയ ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണം, പുതിയ ഉപരാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞ, പ്രധാനമന്ത്രി മോദിയുടെ മൂന്നാം സത്യപ്രതിജ്ഞ, ഭാരത് രത്‌ന–പദ്മ പുരസ്‌കാര വിതരണം, ഓഗസ്റ്റ് 15ലെ ചെങ്കോട്ട പരേഡ് എന്നിവയടക്കമുള്ള നിരവധി ദേശീയ ചടങ്ങുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും പങ്കെടുത്തിട്ടില്ല.. രാജ്യത്തിന്റെ ഉന്നതിയെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ഈ ചടങ്ങുകളില്‍ പങ്കെടുപ്പില്‍ നിന്ന് നിരന്തരം വിട്ടുനിന്നിട്ടും, വിദേശത്തു പോയി ഇന്ത്യയെ വിമര്‍ശിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പതിവ് പ്രവര്‍ത്തനശൈലിയെന്ന് ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍ വിദേശകാര്യ സെക്രട്ടറിയും ബിജെപി രാജ്യസഭാ എംപിയുമായ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല രംഗത്തുവന്നു. ഇത്തരം രാഷ്‌ട്രതലവന്‍മാരുടെ സന്ദര്‍ശനങ്ങള്‍ക്ക് വലിയ സമയപരിമിതിയുണ്ടെന്നും, പ്രതിപക്ഷ നേതാവിനെ കാണണമെന്ന് നിര്‍ബന്ധിക്കുന്ന പ്രോട്ടോക്കോള്‍ ഒന്നുമില്ലെന്നും. അതിഥിയുടെ ഷെഡ്യൂളും താല്‍പര്യവും അനുസരിച്ചാണ് മറ്റു കൂടിക്കാഴ്ചകള്‍ തീരുമാനിക്കപ്പെടുന്നതെന്നും, പ്രധാനമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രിയുമായും രാഷ്‌ട്രപതിയുമായുമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുടിന്‍-മോദി കൂടിക്കാഴ്ചയിലൂടെ ഇന്ത്യ-റഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്കുയരാനിരിക്കെ, ആഭ്യന്തര രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഭരണപക്ഷത്തിന്റെ മറുപടിയും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന സാഹചര്യമാണിപ്പോള്‍.
















