ഏറ്റുമാനൂര്‍: കടപ്പൂര് വെമ്പള്ളിയില്‍ അപൂര്‍വമായി മാത്രം കാണുന്ന വെളുത്ത കാക്കയെ കണ്ടെത്തി. വെമ്പള്ളി കാഞ്ഞിരത്തുമൂലയില്‍ ബിജുവിനാണ് വെളുത്ത കാക്കയെ ലഭിച്ചത്. ജനിതക പരിവര്‍ത്തനം മൂലം നിറം മാറ്റം സംഭവിച്ച വെളുത്ത കാക്കയെ കാണുവാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
വെമ്പള്ളി കവലയില്‍ നിന്നുമാണ് ബിജുവിന് കാക്കയെ കിട്ടിയത്. മറ്റ് കാക്കകള്‍ കൊത്തി ചിറകിന് പരിക്കേറ്റ നിലയിലായിരുന്നു. കാക്കയെ വീട്ടിലെത്തിച്ചു വേണ്ട പരിചരണം നല്‍കി സൂക്ഷിക്കുകയാണ് ബിജു. ചിറകിന് പരിക്കേറ്റതിനാല്‍ കാക്കയ്‌ക്ക് പറന്നു പോകാന്‍ കഴിയുന്നില്ല.
മൃഗസ്‌നേഹിയായ ബിജു ഇതിനു മുന്‍പും പൂച്ച, നായ ഉള്‍പ്പെടെയുള്ളവയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വലയുന്ന മൃഗങ്ങള്‍ക്ക് ബിജു ഭക്ഷണം എത്തിച്ചു നല്‍കുന്നുമുണ്ട്. കറുത്ത കളറിലുള്ള കാക്കകളെയാണ് കൂടുതലും നാം കാണുന്നത്. എന്നാല്‍ വെള്ള കാക്കയെ കാണുന്നത് അപൂര്‍വമായാണ്. തനിക്ക് കിട്ടിയ അപൂര്‍വ വെള്ള കാക്കയെ ആരെങ്കിലും ഏറ്റെടുക്കണം എന്നാണ് ബിജുവിന്റെ ആവശ്യം.
















