ചേന്നര (മലപ്പുറം): എഴുത്തുകാരനും ബംഗാള്‍ ഗവര്‍ണറുമായ ഡോ. സി.വി. ആനന്ദബോസ് മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂര്‍ തറവാട് സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സന്ദര്‍ശനം.
വള്ളത്തോള്‍ ജനിച്ച മുറിയും മഹാകവി ആദ്യമായി കവിത രചിച്ച ആല്‍മരച്ചുവടും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൊണ്ടയൂര്‍ തറവാട്ടിലെ ഇരുകുളങ്ങര ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ഗവര്‍ണര്‍ രചിച്ച ‘മിത്തും സയന്‍സും-ഒരു പുനര്‍വായന’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നു.
രാംദാസ് വള്ളത്തോള്‍, തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരായ വള്ളത്തോള്‍ ഭാരതിയമ്മ, ശ്രീധരന്‍ നായര്‍, മലയാള സര്‍വകലാശാലയുടെ മുന്‍ വിസിമാരായ ഡോ. അനില്‍ വള്ളത്തോള്‍, ഡോ. എല്‍. സുഷമ, മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി, ഡോ. വിനോദ് വള്ളത്തോള്‍, പുസ്തകത്തിന്റെ വിവര്‍ത്തക ഡോ. എം.പി. അനിത, യമുന വള്ളത്തോള്‍, റിഫാഷെലീസ്, ശാലിനി വള്ളത്തോള്‍, വിനോദ് വള്ളത്തോള്‍ എന്നിവര്‍ സംസാരിച്ചു. ഷീബ അനില്‍ കവിതാലാപനം നടത്തി.












