ആലപ്പുഴ :കണ്ടല്ലൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും അഭിഭാഷകനുമായ നവജിത്ത് നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്.രാസലഹരിയുടെ ഉന്മാദത്തില്‍ വെട്ടിക്കൊന്നത് പിതാവിനെയാണെന്ന് അറിഞ്ഞില്ലെന്നാണ് പ്രതിയുടെ മൊഴി. പിതാവുമായി നേരത്തെ വഴക്ക് ഉണ്ടായിരുന്നുവെന്നും നവജിത്ത് രാസലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചരാത്രി എട്ടരയോടെയായിരുന്നു നവജിത്ത് മാതാപിതാക്കളെ വെട്ടിയത്. പിതാവ് നടരാജന്‍ ആശുപത്രിയില്‍ മരിച്ചു.അമ്മ സിന്ധു ഇപ്പോഴും ഗുരതരാവസ്ഥയില്‍ തുടരുകയാണ്. ലഹരി വിട്ടശേഷം പൊലീസിന് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അമ്മയെ വെട്ടിയതും ഓര്‍മ്മയില്ലെന്ന് പ്രതി മൊഴി നല്‍കി. ആക്രമണത്തിന്റെ വിവരങ്ങളറിഞ്ഞ നവജിത്ത് പൊലീസ് സ്റ്റേഷനില്‍ നിലവിളിച്ച് കരഞ്ഞു. 47 വെട്ടുകളാണ് നടരാജന്റെ ശരീരത്തിലുണ്ടായിരുന്നത്. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മുഖമെന്ന് വികൃതമാക്കി. അമ്മ സിന്ധുവിന്റെ മുഖവും വെട്ടി വികൃതമാക്കി. അറ്റുപോയ കൈവിരലുകള്‍ നാട്ടുകാരാണ് പൊതിഞ്ഞെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ സിന്ധുവിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്ത പൊലീസിനോട് വെട്ടിയത് മകനാണെന്ന് പറഞ്ഞില്ല.
ഭര്‍ത്താവ് മരിച്ച വിവരവും സിന്ധുവിനെ അറിയിച്ചിട്ടില്ല.സംഭവ ദിവസം രാവിലെ കൂട്ടുകാരുമൊത്ത് നവജിത്ത് വീട്ടിലിരുന്നു മദ്യപിക്കുകയും രാസലഹരി ഉപയോഗിക്കുകകയും ചെയ്തിരുന്നു. ഇതിനു ശേഷം പുറത്ത പോയ നവജിത്ത് തിരികെ എത്തിയപ്പോള്‍ സ്വബോധം നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
















