ഇസ്ലാമാബാദ് : പാകിസ്ഥാൻ ദുരിതാശ്വാസത്തിനെന്ന പേരിൽ ശ്രീലങ്കയിലേക്ക് അയച്ചത് കാലാവധി കഴിഞ്ഞ സാമഗ്രികൾ . ശ്രീലങ്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസ പാക്കേജുകളുടെ ഫോട്ടോകൾ പങ്ക് വച്ചത് . വെള്ളപ്പൊക്ക ബാധിത രാജ്യത്തിനുള്ള രാജ്യത്തിന്റെ പിന്തുണയെ പുകഴ്‌ത്തിയായിരുന്നു പോസ്റ്റ് . എന്നാൽ അതിൽ നിന്ന് തന്നെ കാലാവധി കഴിഞ്ഞ സാമഗ്രികളാണ് അയച്ചതെന്ന് വ്യക്തമായി.
പല പാക്കേജുകളിലും “EXP: 10/2024” എന്ന ലേബൽ ഉണ്ടായിരുന്നു. 2024 ഒക്ടോബറിൽ കാലഹരണപ്പെട്ട വസ്തുക്കൾ ദുരിതാശ്വാസത്തിനെന്ന പേരിൽ അയച്ച് ലോകത്തിന് മുന്നിൽ പ്രശസ്തി നേടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇത്തരം പ്രവൃത്തികൾ മനുഷ്യമനസാക്ഷിയ്‌ക്ക് പോലും നിരക്കാത്തതാണെന്ന് കാട്ടി ശ്രീലങ്കൻ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തി. തങ്ങളുടെ സാമഗ്രികൾ എത്തിക്കാൻ ഇന്ത്യ വ്യോമാതിർത്തി അനുവാദം നൽകിയില്ലെന്ന് പോലും പാകിസ്ഥാൻ ആരോപിച്ചിരുന്നു.
ഇതിനോട് പാകിസ്ഥാൻ ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. അതേസമയം ശ്രീലങ്കയെ പിന്തുണയ്‌ക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.
നവംബർ 28 മുതൽ ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ വായുവിലൂടെയും കടലിലൂടെയും ആകെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ എത്തിച്ചു. ടെന്റുകൾ, പുതപ്പുകൾ, മരുന്നുകൾ, ശുചിത്വ കിറ്റുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ, രണ്ട് പ്രത്യേക ഭീഷ്ം മെഡിക്കൽ ക്യൂബുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഈ സഹായത്തിൽ ഉൾപ്പെടുന്നു.
















