നെഞ്ചേറ്റിയ ആദര്‍ശത്തിനും അതിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനും വേണ്ടി ജീവിതവും ജീവനും സമര്‍പ്പിച്ച കര്‍മയോഗി എന്നാണ് കെ.ടി. ജയകൃഷ്ണന്‍ മാഷെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറയാനാവുക. ഇന്ന് – ഡിസമ്പര്‍ ഒന്നിന്- നാടൊന്നാകെ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ഉണരുന്ന സ്മരണകള്‍ക്ക് സമ്മിശ്ര തലങ്ങളുണ്ട്. കക്ഷി രാഷ്‌ട്രീയ പകയുടെ കുടിലതയും ക്രൂരതയും മനസ്സിലാക്കിയിട്ടില്ലാത്ത കുരുന്നുകളുടെ മുന്നിലാണ് ക്ലാസ്സ് മുറിയില്‍ അവരുടെ പ്രിയങ്കരനായ മാഷ് വെട്ടേറ്റു വീണു പിടഞ്ഞു മരിച്ചത്. മാഷിനെ ആഞ്ഞു വെട്ടിയവരില്‍ ചിലരെ അവരില്‍ പലരും എവിടെയൊക്കെയോ വെച്ചു നേരത്തെ കണ്ടിട്ടുണ്ട്. അന്നത്തെ ആ കുട്ടികളില്‍ ഒരാള്‍ മാനസികനില തകര്‍ന്ന് അതു വഴിയുണ്ടായ ശാരീരിക അവശതയില്‍ നിന്ന് മോചിതമാവാതെ അകാലമൃത്യു വരിച്ചത് ഈയടുത്താണ്. അങ്ങനെയുള കുറേ പേര്‍ ആ സംഭവം സമ്മാനിച്ച ഭീകര ആഘാതം പേറി മനോവിഭ്രാന്തിയോടെ ഇന്നും ജീവിക്കുന്നുമുണ്ട്. മനോബലം കൈവിട്ടു പോകാത്ത കുട്ടികളില്‍ ചിലര്‍ കോടതിക്കു മുമ്പില്‍, സാക്ഷിക്കൂട്ടില്‍ പതറാതെ നിന്ന് തങ്ങളുടെ മാഷിന്റ ഘതകര്‍ക്കു നേരെ വിരല്‍ ചൂണ്ടിക്കാണിച്ചു. കോടതി ആ മൊഴിയിലെ നിഷ്‌ക്കളങ്കത മുഖവിലയ്‌ക്കെടുത്തു. പ്രതികള്‍ക്ക് വധശിക്ഷയും നല്‍കി. പക്ഷെ മേല്‍ക്കോടതി കൊലയാളികളെ വെറുതെ വിട്ടു !
ശിക്ഷയില്‍ ഇളവു നേടിയ പാര്‍ട്ടി സഖാക്കളെ വീരോചിതമായി സ്വീകരിച്ചാനയിച്ച് മാഷ് കൊല്ലപ്പെട്ട അതേ സ്‌കൂളിന്റെ മുറ്റത്ത് പാര്‍ട്ടി വന്‍ സ്വീകരണമൊരുക്കി. വേണ്ടി വന്നാല്‍ ഇനിയും വാളെടുക്കും എന്ന് ആ സ്വീകരണ സമ്മേളനത്തില്‍ പ്രതികളിലൊരാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതായിരുന്നു, അന്നത്തെ കണ്ണൂര്‍!
കണ്ണൂര്‍ ജില്ലയിലെ സങ്കീര്‍ണമായ സംഘര്‍ഷാന്തരീക്ഷത്തില്‍ സമകാലീനരായി പ്രവര്‍ത്തിച്ചവരാണ് ഞാനും ജയകൃഷ്ണന്‍ മാഷും. ഞാന്‍ സംഘത്തിന്റെയും മാഷ് ഭാരതീയ ജനതാ പാര്‍ട്ടിയുടെയും കാര്യകര്‍ത്താക്കളെന്ന നിലയില്‍ ഞങ്ങളുടേത് രണ്ടു വ്യത്യസ്ത കര്‍മ മണ്ഡലങ്ങായിരുന്നു. എന്നാല്‍ ശ്രേഷ്ഠമായ ഒരാശയത്തിന്റെയും ലക്ഷ്യത്തിന്റെയും സാക്ഷാത്ക്കാരത്തിനായി അണിചേര്‍ന്നവരെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത് സ്വാഭാവികമായ ഉറച്ച ആത്മബന്ധമാണ്. അതുകൊണ്ടു തന്നെ വൈയ്യക്തികമായ മനോവ്യാപാരങ്ങളും പലപ്പോഴും പങ്കുവെയ്‌ക്കാറുണ്ട്. ഒരിക്കല്‍ ഒന്നിച്ചുണ്ടായിരുന്നപ്പോള്‍, വിവാഹിതനാവണമെന്ന അമ്മയുടെ നിര്‍ബന്ധത്തെക്കുറിച്ചുള്ള വര്‍ത്തമാനമായി. വഴങ്ങിക്കൂടേയെന്ന എന്റെ ചോദ്യത്തിന് മാഷില്‍ നിന്ന് വന്ന പ്രതികരണം, എന്തിന് ഒരു പെണ്‍കുട്ടിയെ വിധവയാക്കണം എന്ന മറുചോദ്യമാണ്. അതില്‍ എല്ലാമടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏത് കാര്യകര്‍ത്താവും ഇങ്ങനെയൊക്കെത്തന്നെയാണ് ചിന്തിച്ചിരുന്നത്. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. മരണ വാറണ്ട് തയ്യാറാക്കി വെച്ചിട്ടുണ്ടാകും പലരുടേയും. അത് ഒളിഞ്ഞും തെളിഞ്ഞും ചിലപ്പോള്‍ പരസ്യ പ്രഖ്യാപനമായും പുറത്തുവരും. അത്തരില്‍ ഒരു പ്രഖ്യാപനം മാഷിനു നേരെയുമുണ്ടായി. ‘ജയകൃഷ്ണന്‍ എന്ന ഒരു ഇയ്യാംപാറ്റ സി.പി.എം എന്ന തീപ്പന്തത്തിനു നേരെ പറന്നടുക്കുന്നുണ്ട്. കരിച്ചു കളയാന്‍ ഏറെ നേരം വേണ്ട’ !
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മണ്‍മറഞ്ഞുപോയ ഒരു സംസ്ഥാന നേതാവ് പാനൂര്‍ അങ്ങാടിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രയോഗമായിരുന്നു ഇത്. ഈ പ്രസംഗം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു മാഷുടെ വധം.
സംഘ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുക എന്നാല്‍ സി.പി.എം മാടമ്പിമാര്‍ക്കു മുന്നില്‍ ജീവന്‍ പണയം വെയ്‌ക്കുക എന്ന അര്‍ത്ഥമാണ് കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഉണ്ടായിരുന്നത്. അതറിഞ്ഞു കൊണ്ടു സമാജസേവാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഉശിരന്‍മാരായ നിരവധി പേര്‍ ഇന്ന് നമ്മോടൊപ്പമില്ല. അവരില്‍ പ്രമുഖനായിരുന്നു ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍. ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ചന്ദ്രേട്ടനെ വീടിനടുത്തുവെച്ച് ഭാര്യയുടെയും അച്ഛന്റെയും മുന്നിലിട്ടു കശാപ്പു ചെയ്തു. തുടര്‍ന്ന് മറ്റനേകം സംഭവങ്ങള്‍. സംഘടനാ
പ്രവര്‍ത്തകരില്‍ വല്ലാത്ത അരക്ഷിത ബോധം പടര്‍ന്ന സന്ദര്‍ഭം. അന്ന് മുതിര്‍ന്ന സംഘ അധികാരിയുടെ സാന്നിധ്യത്തില്‍ പാനൂരില്‍ ഒരു യോഗം ചേര്‍ന്നു. ജനജീവിതം സമാധാന പൂര്‍ണമാക്കാനും പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകര്‍ന്ന് സംഘടന ഊര്‍ജസ്വലമാക്കാനും പദ്ധതികളാവിഷ്‌ക്കരിക്കാനുള്ള ഒത്തുചേരലായിരുന്നു അത്. ജില്ലയിലെ പ്രധാനപ്പെട്ട കാര്യകര്‍ത്താക്കളെല്ലാം പങ്കെടുത്ത ആ യോഗത്തില്‍ സുപ്രധാനമായ ഒരു തീരുമാനം ഉരുത്തിരിഞ്ഞു. പാനൂര്‍ മേഖലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകരായി കുറച്ചുപേര്‍ മുന്നോട്ടു വരണം. പന്ത്രണ്ടു പേര്‍ തയ്യാറായി. അവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്വയം മുന്നോട്ടു വന്നത് ജയകൃഷ്ണന്‍ മാഷായിരുന്നു. അങ്ങനെയൊരാളെ ജീവിക്കാനനുവദിച്ചു കൂടെന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ അടക്കി ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ തീരുമാനിച്ചു. ആ തീരുമാനമാണ് 1999 ഡിസമ്പര്‍ ഒന്നിന് പ്രയോഗവല്‍ക്കരിച്ചത്.
ആരെയെങ്കിലും ശത്രുവായി പ്രഖ്യാപിച്ച് അവരെ ഉന്‍മൂലനം ചെയ്ത് സമൂഹത്തില്‍ മേധാവിത്തം സ്ഥാപിക്കുക എന്നതേയല്ല, സംഘപ്രസ്ഥാനങ്ങളുടെ രീതി. രാഷ്‌ട്രീയ ശത്രുക്കള്‍ എന്ന സങ്കല്പത്തെ പാടെ നിരാകരിക്കുകയും ചെയ്യുന്നു. സ്‌നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ ജനമനസ്സുകളില്‍ സ്ഥാനം നേടിക്കൊണ്ട് സംഘടന കെട്ടിപ്പടുക്കുക എന്നതാണ് ശൈലി. അത് വിജയശാലിയാണെന്ന് കാലം തെളിയിച്ചു. ഇതിനു നല്‍കേണ്ടി വന്ന വില കനത്തതാണ്. കാരണം ഈ ശൈലി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാതെ പോയവരാണ് അപ്പുറത്ത്. സംഹാരരുദ്രന്‍മാരെ പോലെ അവര്‍ പെരുമാറിയത് അവരില്‍ ജൈവികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന അസഹിഷ്ണുതയും അതുവഴി ഉടലെടുത്ത രാക്ഷസീയതയുമാണ്.
രണ്ടു വിരുദ്ധ നിലപാടുകള്‍ തീര്‍ത്ത ദുരിതങ്ങള്‍ പേറി കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ബാക്കിപത്രമായി കണ്ണൂരില്‍ കഴിയുന്നുണ്ട്. ഒരു സംഘടനയുടെ ഭാഗമായതിന്റെ പേരില്‍ മാത്രം നിരന്തരം ദ്രോഹിക്കപ്പെടുന്നതിലുള്ള അമര്‍ഷവും വേദനയും കടിച്ചമര്‍ത്തി ഉള്ളിലൊതുക്കി അവര്‍ സാമൂഹ്യ നന്‍മ ആഗ്രഹിച്ചു. ക്രൗര്യം നിറഞ്ഞ കണ്ണുകളാലുള്ള നോട്ടങ്ങളെ അവഗണിച്ചു. ആക്രോശങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ചെവി കൊടുക്കാതിരിക്കാന്‍ ശീലിച്ചു. സര്‍ഗശേഷിയും കര്‍മണ്യതയും ഭാവാത്മകമായി വിനിയോഗിച്ച് സമൂഹ നവ രചനയ്‌ക്കുള്ള മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചു. മനുഷ്യമനസ്സുകളില്‍ സഹവര്‍ത്തിത്വ ഭാവവും സഹകരണ ചിന്തയും പടര്‍ത്താനുതകും വിധം ജനാധിപത്യ സങ്കല്‍പം സാക്ഷാത്ക്കരിക്കാന്‍ സമൂഹത്തെ സഞ്ജമാക്കി. ഇതെല്ലാം ചേര്‍ന്ന് കൊലയാളി സംഘങ്ങള്‍ക്കു മേല്‍ സാമൂഹ്യ സമ്മര്‍ദം രൂപപ്പെടുത്തുന്നതില്‍ സംഘ പ്രസ്ഥാനങ്ങള്‍ വിജയിച്ചു. കണ്ണൂരിലെ സംഘര്‍ഷ മേഖലകള്‍ സമാധാനത്തിലേക്ക് നീങ്ങിയത് അങ്ങനെയാണ്.
ശാന്തമായിക്കൊണ്ടിരിക്കുന്ന ഈ മണ്ണില്‍ ഇനിയൊരു ചോരക്കളി അരുതെന്ന് നാട്ടുകാര്‍ ആഗ്രഹിക്കുന്നു. നേര് കണ്ടെത്താനും നേരിന്റെ വഴിയെ സഞ്ചരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം വേണം. അതിനുള്ള പോരാട്ടമായിരുന്നു ദശാബ്ദങ്ങളായി ഇവിടെ നടന്നിരുന്നത്. ആ പ്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ധീരനാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍. ജീവന് കടുത്ത ഭീഷണി നിരന്തരം നേരിട്ടപ്പോള്‍ അല്പകാലം നാട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട നേതാക്കളോട്, എന്റെ ആത്മ സഹോദരങ്ങളെ വിട്ട് ഒരു സുരക്ഷ എനിക്കാവശ്യമില്ലെന്ന് വിനയത്തോടെ ബോധിപ്പിച്ച ജയകൃഷ്ണന്‍ മാസ്റ്റര്‍ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ അഗ്‌നിയായി ജ്വലിക്കും. പ്രതീക്ഷയായി പടരും. ആത്മവിശ്വാസമായി തിളങ്ങും. വിജയം നേടുംവരെ അവിശ്രമം കര്‍മനിരതരാവാനുള്ള പ്രതിജ്ഞയായി മുഴങ്ങും.















