പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ. ബോർഡ് അംഗങ്ങൾ അറിയാതെ താൻ എങ്ങനെ തീരുമാനം എടുക്കുമെന്നും, എല്ലാ തീരുമാനത്തിനും കൂട്ടുത്തവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്റെ വാദങ്ങൾ.
ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത്. വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാർ റിമാൻഡിലാണ് കേസിൽ തന്ത്രിമാർക്കെതിരെ എ.പത്മകുമാറിന്റ നിർണായക മൊഴി എസ്ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നെന്നും പത്മകുമാർ പറഞ്ഞു.
അതേ സമയം പത്മകുമാറിനെതിരെ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.
















